ന്യൂഡല്‍ഹി: രാജ്യത്തിന്റെ തലപ്പത്തിരുന്നിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത പ്രധാനമന്ത്രി 'ബയോപിക്' ചിത്രം ഇറക്കാന്‍ അര്‍ഹനല്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടിയുമായ ഊര്‍മിള മതോണ്ട്കര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ഹാസ്യചിത്രമാണ് നിര്‍മിച്ച് പുറത്തിറക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

56 ഇഞ്ച് നെഞ്ചളവുണ്ടായിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത പ്രധാനമന്ത്രിയുടെ ജീവിത കഥ തമാശ തന്നെയാണ്. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ചിത്രം രാജ്യത്തെ ജനാധിപത്യത്തേയും വൈവിധ്യത്തേയും മോശമായി കാണുന്നതിന് ഇടയാക്കും. ഇതിനെക്കാള്‍ നല്ലത് അദ്ദേഹത്തിന്റെ പാലിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങളെക്കുറിച്ച് ഒരു ഹാസ്യചിത്രം നിര്‍മിക്കുന്നതായിരിക്കും- ഊര്‍മിള മതോണ്ട്കര്‍ പി.ടി.ഐ.യോട് പറഞ്ഞു.

കഴിഞ്ഞ മാസമാണ് ചലച്ചിത്രതാരമായ ഊര്‍മിള കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. മുംബൈ നോര്‍ത്തില്‍ ബി.ജെ.പി.യുടെ സിറ്റിങ് എം.പി.യായ ഗോപാല്‍ ഷെട്ടിക്കെതിരേയാണ് ഊര്‍മിള ജനവിധി തേടുന്നത്.

Content Highlights: Modi Biopic is a Joke, better to Make Comedy Film says Urmila Matondkar