കൊച്ചി: ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയം സര്‍ക്കാരിനെതിരെ ഉപയോഗിക്കുന്നതില്‍ വര്‍ഗീയ പാര്‍ട്ടികള്‍ ഒരളവ് വരെ വിജയിച്ചെന്നും ഇത് ചിലരെയെല്ലാം സ്വാധീനിച്ചിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ചെയ്യാത്ത കുറ്റം സര്‍ക്കാരിനുമേല്‍ ചാര്‍ത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ വര്‍ഗീയകോമരങ്ങള്‍ക്ക് സാധിച്ചു. അതില്‍ ഒരളവ് വരെ അവര്‍ വിജയിച്ചെന്നത് വാസ്തവമാണ്. അതേസമയം, ചിന്താശേഷിയുള്ള ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞകാലത്തെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടെന്നും അങ്ങനെയാണെങ്കില്‍ ഈ സര്‍ക്കാരിനെതിരെ വോട്ട് ചെയ്തിട്ടുണ്ടാകില്ലെന്നും കടകംപള്ളി വിശദീകരിച്ചു. 

കഴിഞ്ഞദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെയും മന്ത്രി തള്ളിപ്പറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പോലെയാകില്ല യഥാര്‍ഥ ഫലമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

Content Highlights: minister kadakampally surendran says sabarimala issue will effect on election result