പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ തോറ്റത് മണ്ണാര്‍ക്കാട് നിയമസഭാ മണ്ഡലത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി മൂലമാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി രാജേഷ്. യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍ 11637 വോട്ടിനാണ് വിജയിച്ചത്. 

മണ്ണാര്‍ക്കാട്ടെ വോട്ടു ചോര്‍ച്ച എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. അത്രത്തോളം മുന്നേറ്റം പാലക്കാട് മണ്ഡലത്തില്‍ മറ്റെവിടെയും ഉണ്ടായില്ല. പിന്നെയുണ്ടായത് പട്ടാമ്പിയിലാണ്. പാലക്കാട് നിയമസഭാ മണ്ഡലം യു.ഡി.എഫിനെ പിന്തുണക്കുന്ന മേഖലയാണ്. അവിടെ ആ മുന്നേറ്റം അത്രത്തോളം പ്രതിഫലിച്ചുമില്ല. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും രാജേഷ് പറഞ്ഞു. 

മണ്ഡലത്തില്‍ ഗൂഢാലോചനയുണ്ടെന്ന കാര്യം നേരത്തേ പറഞ്ഞതാണ്. ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസിലെ പീഡനകഥ ഗൂഢാലോചനയുടെ തെളിവാണ്. ഒരു സ്വാശ്രയ കോളേജ് മുതലാളിയാണ് അതിന് പിന്നിലെന്നും എം.ബി രാജേഷ് പറഞ്ഞു.

കേരളത്തില്‍ മൊത്തത്തിലുണ്ടായ യുഡിഎഫ് തരംഗം പാലക്കാട്ടും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എം.ബി രാജേഷ് പറഞ്ഞു.

പാലക്കാട്, പട്ടാമ്പി, മണ്ണാര്‍ക്കാട് മണ്ഡലങ്ങളില്‍ നിന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന് കൂടുതല്‍ വോട്ട് നേടിയത്. ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ മണ്ഡലങ്ങളില്‍ രാജേഷാണ് മുന്നില്‍.

Content highlights:  Ex MP MB Rajesh responds about his defeat from Palakkad LS Constituency