ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീണ്ടും വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മേനകാ ഗാന്ധി. തനിക്ക് കിട്ടുന്ന വോട്ടുകളുടെ എണ്ണമനുസരിച്ച് ഗ്രാമങ്ങളെ എ,ബി,സി,ഡി എന്നിങ്ങനെ തരംതിരിച്ചാകും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് മേനകാ ഗാന്ധി മുന്നറിയിപ്പ് നല്കി. സുല്‍ത്താന്‍പുരിലെ റാലിക്കിടെയായിരുന്നു മേനകയുടെ മുന്നറിയിപ്പ്.
ബിജെപിക്ക് 80 ശതമാനം വോട്ട് കിട്ടുന്ന ഗ്രാമങ്ങളെ എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. 60 ശതമാനം പേര് ബിജെപിക്ക് വോട്ട് ചെയ്താല്‍ ബി കാറ്റഗറിയില്‍. 50 ശതമാനം വോട്ട് ലഭിക്കുന്ന ഗ്രാമങ്ങളെ സി എന്നും 30 ശതമാനവും അതിന് താഴെയുമുള്ള ഗ്രാമത്തെ ഡി എന്നും തരം തിരിച്ചാകും വികസനപ്രവര്‍ത്തനങ്ങളും മറ്റു മുന്‍ഗണനകളും നല്‍കുക.
താന്‍ മുമ്പ് മത്സരിച്ച പിലിഭിത്തില്‍ ഈയൊരു സംവിധാനം മികച്ച രീതിയില്‍ നടത്തിയിരുന്നെന്നും അവര്‍ പറഞ്ഞു. നേരത്തെ മുസ്ലിംകള്ക്ക് നേരെ മേനകാ ഗാന്ധി ഭീഷണിമുഴക്കിയത് വലിയ വിവാദമായിരുന്നു. എനിക്ക് മുസ്ലിംകള് വോട്ട് ചെയ്തില്ലെങ്കില്‍ ഞാന്‍ എംപിയായാല്‍ അവര്‍ക്ക് ഒരു സഹായവും നല്‍കില്ലെന്നായരുന്നു അവരുടെ പ്രസ്താവന.
മകന് വരുണ്‍ ഗാന്ധി മത്സരിച്ചിരുന്ന സുല്‍ത്താന്‍പുരിലാണ് ഇത്തവണ മേനകാ ഗാന്ധി മത്സരിക്കുന്നത്. മേനക മത്സരിച്ചിരുന്ന പിലിഭിത്തില്‍ വരുണും മത്സരിക്കും.
Content Highlights: Maneka Gandhi drops another bomb, says those who vote for me will get priority for work