കൊല്‍ക്കത്ത: വ്യാഴാഴ്ച നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കില്ല. പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ ആക്രണങ്ങളില്‍ 54 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന ബിജെപി നേതാക്കള്‍ അവകാശപ്പെട്ടതും ഇവരുടെ ബന്ധുക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതുമാണ്‌  മമതയുടെ പിന്മാറ്റത്തിന് കാരണം. 

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് താന്‍ പങ്കെടുക്കാന്‍ ശ്രമിക്കുമെന്നും അത് ഭരണഘടനാ ചുമതലയാണെന്നും മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോള്‍ ട്വിറ്റിറിലൂടെയാണ് മമത തന്റെ പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്. ഒരു സത്യപ്രതിജ്ഞാ ചടങ്ങ് ജനാധിപത്യത്തിന്റെ ആഘോഷമാക്കി മാറ്റുകയാണ് വേണ്ടത് അല്ലാതെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ തരംതാഴ്ത്താനുള്ള ചടങ്ങാക്കുകയല്ല. ഇങ്ങനെ പറഞ്ഞാണ് മമതയുടെ ട്വീറ്റ്. 

പുതിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങള്‍, ഭരണഘടനാപരമായ ക്ഷണം സ്വീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു എന്റെ പദ്ധതി. എന്നാല്‍ കഴിഞ്ഞ ഒരു മണിക്കൂറില്‍ മാധ്യമങ്ങളില്‍ എനിക്ക് കാണാനായത് ബംഗാളില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ 54 പേര്‍ കൊല്ലപ്പെട്ടതായി ബിജെപി പറയുന്നു. ഇത് പൂര്‍ണ്ണമായും അവാസ്തവമാണ്. ബംഗാളില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്ല. ഈ പറയുന്ന കൊലപാതകങ്ങളൊക്കെ വ്യക്തിവൈരാഗ്യം മൂലവും കുടുംബ പ്രശ്‌നങ്ങള്‍ കാരണവും മറ്റു തര്‍ക്കങ്ങളും വഴി ഉണ്ടായതാണ്. ഒരു രാഷ്ട്രീയ ബന്ധവും ഇതിനില്ല. അത് കൊണ്ട് ക്ഷമിക്കണം നരേന്ദ്ര മോദിജീ, ഇതെന്നെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരിക്കാന്‍ നിര്‍ബന്ധിതമാക്കിയെന്നും മമത തന്റെ ട്വീറ്റില്‍ കുറിച്ചു.

Content Highlights: Mamata Banerjee to skip PM Modi’s oath event after invites to families of BJP workers killed in Bengal violence