മുംബൈ: രാഹുല്‍ ഗാന്ധിയാണ്‌ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന ആശയത്തെ നിരാകരിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ശരത് പവാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബി.എസ്.പി അധ്യക്ഷ മായാവതി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരാണ് രാഹുലിനേക്കാള്‍ മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥികളെന്നും പവാര്‍ തുറന്നടിച്ചു.

ഏതെങ്കിലും തരത്തിലുള്ള ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ സഖ്യം ഇപ്പോള്‍ നിലവിലുണ്ടോ? പിന്നെ രാഹുല്‍ പ്രധാനമന്ത്രിയാകും എന്ന തരത്തിലുള്ള സംസാരങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. തിരഞ്ഞെടുപ്പിന് ശേഷം എന്‍.ഡി.എയിലെ ചില ഘടക കക്ഷികളും തങ്ങളുടെ കൂടെയുണ്ടാവും. 2004ല്‍ യാതൊരു മുന്നണിയുമില്ലാതെ ഒറ്റയ്ക്കാണ് ഞങ്ങളെല്ലാം പൊരുതിയത്. തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ മുന്നണിയുണ്ടാക്കി.

മന്‍മോഹന്‍ സിങും, പ്രണവ് മുഖര്‍ജിയും, സോണിയ ഗാന്ധിയും താനും ചേര്‍ന്ന് സോണയ ഗാന്ധിയുടെ വീട്ടില്‍ വെച്ചാണ് മുന്നണി ചര്‍ച്ചകള്‍ നടത്തിയത്. രാജ്യത്ത് പത്ത് വര്‍ഷക്കാലം ശക്തമായൊരു സര്‍ക്കാരിനെ സൃഷ്ടിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു. രാജ്യത്ത് നല്ല നേതാക്കന്മാര്‍ക്ക് കുറവൊന്നുമില്ല. തിരഞ്ഞെടുപ്പിന് ശേഷം ആര് വരണം എന്ന കാര്യം തങ്ങള്‍ തീരുമാനിക്കും. അര്‍ഹരായ ഒരുപാട് നേതാക്കന്മാര്‍ രാജ്യത്തുണ്ട്‌. 

എല്ലാവരുടേയും പിന്തുണയോടെ ആ മാന്ത്രിക സംഖ്യ തങ്ങള്‍ മറികടക്കും. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനൊപ്പം തന്നെ ഒരു പൊതു മിനിമം പരിപാടിക്കും രൂപം നല്‍കുമെന്നും മുന്‍ കേന്ദ്ര മന്ത്രി കൂടിയായ ശരത് പവാര്‍ വ്യക്തമാക്കി.

content highlights: Mamata Banerjee, Mayawati or Chandrababu Naidu better PM options than Rahul says Sharad Pawar