ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥിന്റെ പേരിലുള്ളത് ആകെ 660 കോടി രൂപയുടെ ആസ്തി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചിന്ദ്വാര മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന നകുല്‍ നാഥ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് അദ്ദേഹത്തിന്റെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

വ്യവസായിയും രാഷ്ട്രീയനേതാവുമായ നകുല്‍നാഥിന് 615 കോടിയുടെ ജംഗമസ്വത്താണുള്ളത്. 41.77 കോടി രൂപ മൂല്യംവരുന്ന സ്ഥാവരസ്വത്തുക്കളുമുണ്ട്. ഭാര്യ പ്രിയനാഥിന്റെ പേരില്‍ ആകെ 2.30 കോടിയുടെ സ്വത്തുക്കളുണ്ട്. ഇരുവരുടെയും പേരില്‍ വാഹനങ്ങളില്ല. 

896.669 ഗ്രാമിന്റെ സ്വര്‍ണമാണ് നകുല്‍നാഥിന്റെ കൈവശമുള്ളത്. ഇത് സ്വര്‍ണ്ണക്കട്ടികളായാണ് സൂക്ഷിച്ചിരിക്കുന്നത്. 7.630 കിലോഗ്രാം വെള്ളിയും 147.58 കാരറ്റ് മൂല്യമുള്ള വജ്രവും അടക്കം 75.45 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളാണുള്ളത്. ഭാര്യയുടെ കൈവശം 270.322 ഗ്രാം സ്വര്‍ണാഭരണവും 161.84 കാരറ്റ് വജ്രവും അടക്കം 57.62 ലക്ഷം രൂപയുടെ ആഭരണങ്ങളുണ്ട്. 

വിവിധ ബാങ്ക് അക്കൗണ്ടുകളിലും ഓഹരികളിലും കമല്‍നാഥിന് നിക്ഷേപമുണ്ട്. ഇതിനുപുറമേ ദുബായിലും ഷാര്‍ജയിലും പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജിയിലും സ്പാന്‍ എയര്‍ പ്രൈവറ്റ് ലിമിറ്റഡിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. ചിന്ദ്വാര ജില്ലയില്‍ നകുല്‍നാഥിന്റെയും സഹോദരന്റെയും പേരില്‍ 7.82 ഏക്കര്‍ ഭൂമിയാണുള്ളത്. 

മാതാപിതാക്കളുടെ പേരിലുള്ളതിനെക്കാള്‍ അഞ്ചിരട്ടിയോളം സ്വത്തുക്കളാണ് നകുല്‍നാഥിന്റെ പേരിലുള്ളത്. അദ്ദേഹത്തിന്റെ പിതാവായ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ആസ്തി ആകെ 124 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ആദായനികുതി റിട്ടേണ്‍ ഫയല്‍ചെയ്ത നകുല്‍ 2.76 കോടി രൂപയ്ക്ക് മുകളിലാണ് അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനമായി നല്‍കിയിരിക്കുന്നത്. ഭാര്യയുടെ വാര്‍ഷികവരുമാനം 4.18 കോടി രൂപയാണ്. ബോസ്റ്റണിലെ ബേ സ്‌റ്റേറ്റ് കോളേജില്‍നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദധാരിയാണ് നകുല്‍നാഥ്. 

ബി.ജെ.പി. മുന്‍ എം.എല്‍.എ.യും ആദിവാസി നേതാവുമായ നഥാന്‍ഷായാണ് ചിന്ദ്വാര ലോക്‌സഭ മണ്ഡലത്തില്‍ നകുല്‍നാഥിന്റെ എതിര്‍സ്ഥാനാര്‍ഥി. 

Content Highlights: madhya pradesh chief minister son nakul nath has 660 crore asset