ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന് പാര്‍ട്ടി പാഠങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ആത്മപരിശോധന നടത്തും, തെറ്റ് തിരുത്തി പാര്‍ട്ടി മുന്നോട്ട് പോകുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.

സിപിഎം ശക്തി കേന്ദ്രങ്ങളില്‍ വലിയ രീതിയില്‍ വോട്ട് ചോര്‍ച്ചയുണ്ടായതായി പോളിറ്റ് ബ്യൂറോ വിലയിരുത്തി. വോട്ട് ചോര്‍ച്ച സംബന്ധിച്ച് വിശദമായി പരിശോധിക്കാന്‍ സംസ്ഥാന കമ്മിറ്റികള്‍ നിര്‍ദേശം നല്‍കി. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചോയെന്നതടക്കം പരിശോധിക്കും. 

വോട്ട് ചോര്‍ച്ച സംബന്ധിച്ച് മുന്‍കൂട്ടി മനസിലാക്കുന്നതില്‍ കേരളഘടകത്തിന് വീഴ്ച്ച പറ്റിയെന്ന് പിബിയില്‍ വിമര്‍ശനമുയര്‍ന്നു. എന്നാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോട് മൃദു സമീപനം സ്വീകരിക്കുന്ന നയമാണ് തിരിച്ചടിയായതെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ വ്യക്തമാക്കി. രണ്ട് വിമര്‍ശനങ്ങളും പരിശോധിക്കാന്‍ പിബി തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ സംസ്ഥാന സമിതികള്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. യെച്ചൂരി ഉള്‍പ്പടെയുള്ള പിബി അംഗങ്ങള്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കും. 

Content Highlights: loksabha election result review-cpm politburo-sitaram yechury