കോഴിക്കോട് : കേരളത്തില്‍ ആഞ്ഞടിച്ച യു.ഡി.എഫ്. തരംഗത്തില്‍ സംസ്ഥാന മന്ത്രിസഭയിലെ 16 പേര്‍ വിജയിച്ച നിയമസഭാ മണ്ഡലങ്ങളിലും ഇടതുമുന്നണിക്ക് മുന്‍തൂക്കം നഷ്ടമായി. രണ്ടിടങ്ങളില്‍ മുന്നണി മൂന്നാംസ്ഥാനത്തായി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ.പി. ജയരാജന്‍, ഇ. ചന്ദ്രശേഖരന്‍, പി. തിലോത്തമന്‍ എന്നിവരുടെ മണ്ഡലങ്ങളില്‍ മാത്രമാണ് ഇടതുമുന്നണിക്ക് നേരിയ മുന്‍തൂക്കം കിട്ടിയത്.

ധര്‍മടം

പിണറായി വിജയന്‍ 36,905 ഭൂരിപക്ഷത്തിന് വിജയിച്ച ഇവിടെ സി.പി.എം. സ്ഥാനാര്‍ഥി പി.കെ. ശ്രീമതിക്ക് കോണ്‍ഗ്രസിന്റെ കെ. സുധാകരനെതിരേ നേടാനായത് 4099 വോട്ടിന്റെ മുന്‍തൂക്കം.

മട്ടന്നൂര്‍

വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ ജയിച്ചത് 43,381 വോട്ടിന്. ശ്രീമതിയുടെ ലീഡ് 7488 മാത്രം.

കാഞ്ഞങ്ങാട്

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ 26,010 വോട്ട് ഭൂരിപക്ഷംകുറിച്ചിടത്ത് കോണ്‍ഗ്രസിന്റെ രാജ്മോഹന്‍ ഉണ്ണിത്താനെതിരേ കെ.പി. സതീഷ്ചന്ദ്രന്റെ ലീഡ് 2221 മാത്രം.

കണ്ണൂര്‍

തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി 1196 വോട്ടിന് ജയിച്ച കണ്ണൂരില്‍ ശ്രീമതിക്കെതിരേ സുധാകരന്റെ ലീഡ് 23,423

കൂത്തുപറമ്പ്‌

ആരോഗ്യമന്ത്രി കെ.കെ. ശൈലജ 12,291 വോട്ടിന് ജയിച്ച കൂത്തുപറമ്പില്‍ സി.പി.എമ്മിന്റെ പി. ജയരാജനെതിരേ കെ. മുരളീധരന്‍ 4,133 വോട്ടിന് മുന്നിലെത്തി

പേരാമ്പ്ര

തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ 4101 വോട്ടിനാണ് ജയിച്ച മണ്ഡലം. ഇവിടെ മുരളീധരന്റെ ലീഡ് 13,204.

എലത്തൂര്‍

ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ 29,057 വോട്ടിന് ജയിച്ച ഇവിടെ സി.പി.എം. സ്ഥാനാര്‍ഥി എ. പ്രദീപ്കുമാറിനെതിരെ കോണ്‍ഗ്രസിന്റെ എം.കെ. രാഘവന് 103 വോട്ടിന്റെ നേരിയ മുന്‍തൂക്കം.

തവനൂര്‍

ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ 17,064 വോട്ട് ഭൂരിപക്ഷംകുറിച്ച മണ്ഡലത്തില്‍ ഇടതു സ്വതന്ത്രന്‍ പി.വി. അന്‍വറിനെതിരേ മുസ്ലിംലീഗിലെ ഇ.ടി.മുഹമ്മദ് ബഷീര്‍ 12,353 വോട്ടിന് മുന്നിലെത്തി.

പൊന്നാനി

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ 15,640 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മണ്ഡലം. അന്‍വറിനെതിരേ ഇ.ടി. മുഹമ്മദ് ബഷീര്‍ 9,739 വോട്ട് അധികം നേടി.

പുതുക്കാട്

വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് 38,478 വോട്ടിന്റെ വന്‍ഭൂരിപക്ഷം സ്വന്തമാക്കിയ ഇവിടെ സി.പി.ഐ.യുടെ രാജാജി മാത്യു തോമസ് കോണ്‍ഗ്രസിലെ ടി.എന്‍. പ്രതാപനോട് 5,842 വോട്ടിന് പിന്നിലായി.

തൃശ്ശൂര്‍

കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ 6,987 വോട്ടിന് ജയിച്ച നിയമസഭാ മണ്ഡലത്തില്‍ രാജാജി മാത്യു തോമസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പി.യുടെ സുരേഷ് ഗോപിയാണ് രണ്ടാമതെത്തിയത്.

കുന്ദംകുളം

മന്ത്രി എ.സി. മൊയ്തീന്‍ 7782 വോട്ട് ഭൂരിപക്ഷം നേടിയ കുന്ദംകുളത്ത് സി.പി.എമ്മിന്റെ പി.കെ. ബിജുവിനെതിരേ കോണ്‍ഗ്രസിന്റെ രമ്യാ ഹരിദാസ് നേടിയത് 14,322 വോട്ട് ലീഡ്.

തരൂര്‍

പട്ടികജാതിവികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍ 23,068 വോട്ടിന് വിജയിച്ച ഇവിടെ രമ്യ 24,839 വോട്ടിന്റെയും മുന്‍തൂക്കം സ്വന്തമാക്കി.

ചിറ്റൂര്‍

ജലവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി 7285 വോട്ട് ഭൂരിപക്ഷം നേടിയ ചിറ്റൂരില്‍ രമ്യയുടെ ഭൂരിപക്ഷം 23,467 വോട്ട്.

ആലപ്പുഴ

ആലപ്പുഴയില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ ഭൂരിപക്ഷം 31,032 വോട്ട്. ഇവിടെ സി.പി.എമ്മിന്റെ എ.എം. ആരിഫിനെതിരേ കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാന്‍ 69 വോട്ടിന് മുന്നിലെത്തി.

അമ്പലപ്പുഴ

പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ 22,621 വോട്ട് ഭൂരിപക്ഷം സ്വന്തമാക്കിയ മണ്ഡലത്തില്‍ ഷാനിമോള്‍ക്ക് 638 വോട്ട് ലീഡ് നേടാനായി.

പുനലൂര്‍

വനംമന്ത്രി കെ. രാജു പുനലൂരില്‍ 33,582 വോട്ടിനാണ് ജയിച്ചത്. എന്നാല്‍, സി.പി.എമ്മിന്റെ ബാലഗോപാലിനെതിരേ ആര്‍.എസ്.പി.യുടെ എന്‍.കെ. പ്രേമചന്ദ്രന്‍ 18,666 വോട്ടിന്റെ ഭൂരുപക്ഷം കുറിച്ചു.

കുണ്ടറ

ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ 3,046 വോട്ടിന് വിജയിച്ച ഇവിടെ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം 24,309.

കഴക്കൂട്ടം

ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 7,347 വോട്ടിന് ജയിച്ച കഴക്കുട്ടത്ത് സി.പി.ഐ.യുടെ സി. ദിവാകരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി.ജെ.പി.യുടെ കുമ്മനം രാജശേഖരനെക്കാള്‍ കോണ്‍ഗ്രസിന്റെ ശശി തരൂര്‍ 1,485 വോട്ട് ലീഡ് നേടി.

വ്യത്യസ്തമായ ചേര്‍ത്തല

മന്ത്രി മണ്ഡലങ്ങളില്‍ വ്യത്യസ്തമായി വിധിയെഴുതിയത് ചേര്‍ത്തലയാണ്. ഇവിടെ എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം കുത്തനെ കൂടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ 7196 വോട്ട് ഭൂരിപക്ഷമായിരുന്നു നേടിയത്. എന്നാല്‍, സി.പി.എമ്മിന്റെ ആരിഫിന് ചേര്‍ത്തല നല്‍കിയ ഭൂരിപക്ഷം 16,895 വോട്ട്.

Content Highlights: loksabha election result-kerala ministers constituency