തിരുവനന്തപുരം: ഒരു തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരും ജയിച്ചാല്‍ അമിതമായി ആഹ്ലാദിക്കുന്നവരുമല്ല ഇടതുപക്ഷമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓരോ തിരഞ്ഞെടുപ്പിലേയും ജയ-പരാജയ കാര്യ കാരണങ്ങള്‍ വിലയിരുത്തിക്കൊണ്ട് മുന്നോട് പോകുകയാണ് ഇടതുപക്ഷത്തിന്റെ ശൈലിയെന്നും അദ്ദേഹം പറഞ്ഞു. 

ഇപ്പോഴത്തെ തിരിച്ചടിയുടെ ഗൗരവം മനസ്സിലാക്കി ഓരോ മേഖലയിലും തിരുത്തല്‍ വരുത്തും. വസ്തുനിഷ്ടമായി തന്നെ പരിശോധനകള്‍ നടത്തും. ബൂത്ത് തലത്തില്‍ തന്നെ പരിശോധനകള്‍ നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നും കോടിയേരി പറഞ്ഞു.

എസ്എഫ്‌ഐ വിദ്യാര്‍ത്ഥി ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

നരേന്ദ്ര മോദിയെ പുറത്താക്കാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കണമെന്ന യുഡിഎഫ് പ്രചാരണം കേരളത്തിലെ ജനങ്ങളെ സ്വാധീനിച്ചു. ഇതാണ് യുഡിഎഫിന് അനുകൂലമായ തരംഗം സൃഷ്ടിക്കാന്‍ സാധിച്ചത്. അതേ സമയം ആര്‍എസ്എസിന് കടന്നുവരാന്‍ സാധിക്കാത്ത ഒരു സംസ്ഥാനമായി കേരളം മാറിയതില്‍ ഇടതുപക്ഷം അഭിമാനിക്കുന്നു. 

ഇടതുപക്ഷം ഇവിടെ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ബിജെപിക്കും ആര്‍എസ്എസിനും ഇങ്ങോട്ടേക്ക് കടന്ന് വരാന്‍ സാധിക്കാത്തത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നീ മണ്ഡലങ്ങളില്‍ ജയിക്കുമെന്ന് ബിജെപിക്ക് ഉറപ്പായിരുന്നു. എന്നാല്‍ അത് തടഞ്ഞ് നിര്‍ത്തിയതില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. ഇടതുപക്ഷം ബിജെപിക്കെതിരെ നടത്തിയ പ്രചാരണത്തിന്റെ നേട്ടം ഉണ്ടായത് യുഡിഎഫിനാണ്. 

ഇടതുപക്ഷത്തിന്റെ പരാജയത്തില്‍ കയ്യടിക്കുന്നവരും ആര്‍ത്ത് വിളിക്കുന്നവരും പടക്കം പൊട്ടിക്കുന്നവരുമുണ്ട്. മുന്‍കാലങ്ങളിലും ഇടതുപക്ഷം ഇത്തരം പരാജയങ്ങള്‍ നേരിട്ടുണ്ടെന്ന് ഇവര്‍ ഓര്‍ക്കണം. ഈ പരാജയം താത്ക്കാലികമാണ്. 1977-ല്‍ അടിയന്തരാവസ്ഥക്ക് ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യംമുഴുവന്‍ ഇന്ധിരാഗാന്ധിക്ക് എതിരെ വിധി എഴുതിയപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ് മുന്നണി 20 സീറ്റിലും ജയിച്ചു. ഇടതുപക്ഷത്തിന് ഇനി ഭാവിയില്ലെന്ന് അന്നും പറഞ്ഞിരുന്നു. 1977-ല്‍ തോറ്റ ഇടതുപക്ഷം 80- അധികാരം തിരിച്ച് പിടിച്ചെന്നും കോടിയേരി പറഞ്ഞു.

Content Highlights: loksabha election result in kerala-kodiyeri balakrishnan reply