തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അസാധാരണ ഫലം യു.ഡി.എഫിന് വലിയ ആത്മവിശ്വാസം നൽകുമ്പോൾ സി.പി.എം., ബി.ജെ.പി. നേതാക്കൾ വലിയ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരും. സ്വപ്നതുല്യമായ വിജയം യു.ഡി.എഫിന്റെ അടിത്തറ വികസിക്കുന്നതിന്റെകൂടി സൂചനയാണ്.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരംകൂടി യു.ഡി.എഫ്. വിജയത്തിനുപിന്നിലുണ്ട്. ആറിടത്ത് ഉടനെ നടക്കാൻപോകുന്ന ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഊർജംകൂടിയാണ് യു.ഡി.എഫിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം. നേമം ഒഴികെ ഒരു നിയമസഭാമണ്ഡലത്തിലും മുന്നിലെത്താൻ കഴിയാഞ്ഞത് ബി.ജെ.പി.യിലും വലിയ ചലനങ്ങളുണ്ടാക്കിയേക്കും.

ഇടതുമുന്നണിയുടെ ഹിന്ദുവോട്ടുവിഹിതത്തിൽ വലിയ ചോർച്ചയുണ്ടായെന്ന് യു.ഡി.എഫ്. സ്ഥാനാർഥികൾ നേടിയ വൻഭൂരിപക്ഷം തെളിയിക്കുന്നു. 10 മണ്ഡലങ്ങളിൽ യു.ഡി.എഫ്. ജയിച്ചത് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്.

സി.പി.എം. നേതൃത്വം ചോദ്യംചെയ്യപ്പെടാം

ഒരുസീറ്റുമാത്രംനേടി കനത്തപരാജയം പാർട്ടി അഭിമുഖീകരിക്കുമ്പോൾ കാരണം വിശദീകരിക്കാൻ നേതൃത്വം ബുദ്ധിമുട്ടും. മൂന്നുവർഷത്തെ ഭരണത്തിന്റെ നേരിട്ടുള്ള വിലയിരുത്തലല്ലെങ്കിലും തോൽവിയുടെ ഉത്തരവാദിത്വത്തിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒഴിഞ്ഞുമാറാകില്ല.

2004-ൽ യു.ഡി.എഫിന് 19 സീറ്റും നഷ്ടപ്പെട്ടപ്പോൾ സി.പി.എം. മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. പിണറായി വിജയൻ രാജിവെക്കാൻ സാധ്യതയില്ലെങ്കിലും എതിർശബ്ദങ്ങൾ ഉയർന്നേക്കാം. സി.പി.എം. കേന്ദ്രനേതൃത്വത്തിൽ കേരളഘടകത്തിനുള്ള പിടിയിലും ഇനി അയവുവരാൻ സാധ്യതയുണ്ട്.

അതൃപ്തി ഇടതുമുന്നണിയിലും

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സി.പി.എം.-സി.പി.ഐ. നേതൃത്വം ഏറെ നാളായി യോജിപ്പിലാണ് നീങ്ങിയിരുന്നത്. കനത്ത തോൽവി ഈ സമവാക്യത്തിലും മാറ്റംവരുത്താം. സി.പി.എമ്മിന് വല്ലാതെ വഴങ്ങുന്നുവെന്ന കുറ്റപ്പെടുത്തൽ സി.പി.ഐ.യിൽ കാനം രാജേന്ദ്രൻ നേരിടുന്നുണ്ട്. സി.പി.എമ്മിനോടുള്ള നിലപാട് കർക്കശമാക്കാൻ ഇതുകാരണമാവാം.

സുവർണാവസരം കളഞ്ഞത് ബി.ജെ.പി.യെ കലുഷമാക്കും

ഇത്തവണ ജയിച്ചില്ലെങ്കിൽ ഇനിയെന്ന് എന്ന ചോദ്യമാണ് ബി.ജെ.പി.യിൽ ഉയർന്നിരുന്നത്. തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും തോൽവി പാർട്ടിയെ നിരാശയുടെ പടുകുഴിയിലേക്കാണ് തള്ളിവിടുന്നത്. നേമം ഒഴികെ ഒരു നിയമസഭാമണ്ഡലത്തിലും പാർട്ടിക്ക് മുന്നിൽവരാനാകാത്തത് പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നു.

പലയിടത്തും വോട്ടുവിഹിതം ഇരട്ടിയാക്കാൻ കഴിഞ്ഞുവെന്നത് മാത്രമാണ് ആശ്വാസം. വട്ടിയൂർക്കാവ് അടക്കമുള്ള മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വരുന്നതിനുമുമ്പേ പാർട്ടിനേതൃത്വത്തിൽ അഴിച്ചുപണിക്ക് സാധ്യത വർധിക്കുന്നു. ദേശീയതലത്തിൽ വലിയ വിജയം നേടിയിട്ടും കേരളത്തിൽ അക്കൗണ്ട് തുറക്കാനാകാത്തത് മലയാളമണ്ണ് ബി.ജെ.പി.ക്ക് പാകമായിട്ടില്ലെന്ന വിശകലനത്തിലാണ് ചെന്നെത്തുക. ബി.ഡി.ജെ.എസ്. ബന്ധത്തിന്റെ ഭാവിയിലും അനിശ്ചിതത്വം നിലനിൽക്കുന്നു.

ഉപതിരഞ്ഞെടുപ്പ് അടുത്ത വെല്ലുവിളി

എം.എൽ.എ.മാർ ജയിച്ച നാലുമണ്ഡലങ്ങളിലടക്കം ആറിടത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിജയം നേടുകയെന്നതാകും ഇനി യു.ഡി.എഫിനുള്ള വെല്ലുവിളി.

Content Highlights: loksabha election result in kerala-bjp-cpm