തിരുവനന്തപരും: ജനങ്ങള്‍ക്ക് ഇടതുപക്ഷത്തോടുള്ള വിശ്വാസം കുറയുന്നുവെന്ന് തിരുവനന്തപുരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി. ദിവാകരന്‍. ഇടതുപക്ഷത്തിന് ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നില്ലെന്നും സി. ദിവാകരന്‍ കുറ്റപ്പെടുത്തി.

കേരളത്തില്‍ ഇത്രയും വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഇടതുപക്ഷം രാഷ്ട്രീയ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ കനത്ത തിരിച്ചടിയാണ് എല്‍.ഡി.എഫ് നേരിട്ടത്. 20 മണ്ഡലങ്ങളില്‍ ഒരു മണ്ഡലത്തില്‍ മാത്രമാണ് എല്‍.ഡി.എഫിന് വിജയിക്കാനായത്. അതും സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലുമാണ്.

സംസ്ഥാനത്തെ ഇടതുപക്ഷത്തിന്റെ പരാജയത്തില്‍ പ്രതികരണവുമായി സി എന്‍ ജയദേവനും രംഗത്തെത്തി. തൃശൂരിലുണ്ടായത് അപ്രതീക്ഷിത തോല്‍വിയാണെന്നും എന്നാല്‍, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നും ജയദേവന്‍ പറഞ്ഞു. ഏക എംപിയായ തന്നെ മാറ്റിയതില്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയുണ്ടായിരിക്കാമെന്നും സി എന്‍ ജയദേവന്‍ പറഞ്ഞു.

താന്‍ പ്രചാരണത്തില്‍ സജീവമായിരുന്നു. എന്നാല്‍, സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ ഉള്ളത്ര സജീവമായിരുന്നില്ല. തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കും. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിയത് പരിശോധിക്കുമെന്നും സിഎന്‍ ജയദേവന്‍ പറഞ്ഞു.

തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ നിന്ന് സിഎന്‍ ജയദേവന്‍, കെപി രാജേന്ദ്രന്‍, രാജാജി മാത്യൂ തോമസ് എന്നിവരുടെ പേരുകളടങ്ങിയ പട്ടികയാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നത്. വീണ്ടും മത്സരിക്കാനുളള സന്നദ്ധത സി എന്‍ ജയദേവന്‍ അറിയിച്ചിരുന്നെങ്കിലും രാജാജി മാത്യുവിനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.