ന്യൂഡല്‍ഹി: മിക്ക എക്‌സിറ്റ് പോളുകളിലും ബി.ജെ.പി. സഖ്യമായ എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷം പ്രവചിക്കുന്നതിനാല്‍ കരുതലോടെ പ്രതിപക്ഷം. മെയ് 23-ന് അന്തിമഫലപ്രഖ്യാപനം വന്നാല്‍ തൂക്കുസഭയാണെങ്കില്‍ സ്വീകരിക്കേണ്ട നടപടികളാണ് പ്രതിപക്ഷ കക്ഷികളിലെ ഒരുവിഭാഗം ഇപ്പോള്‍ ആലോചിക്കുന്നത്. ഇതിനായി മെയ് 23-ന് മുന്‍പ് രാഷ്ട്രപതിക്ക് പ്രത്യേക മെമ്മോറാണ്ടം സമര്‍പ്പിക്കാനുള്ള ആലോചനകള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. 

പ്രതിപക്ഷകക്ഷികള്‍ സഖ്യമായി മത്സരിക്കാത്തതിനാല്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇതൊഴിവാക്കാനാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ പട്ടിക രാഷ്ട്രപതിക്ക് കൈമാറാന്‍ പ്രതിപക്ഷത്തിലെ ഒരുവിഭാഗം ആലോചിക്കുന്നത്. അങ്ങനെയാണെങ്കില്‍ എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കാന്‍ ഈ പാര്‍ട്ടികള്‍ക്ക് അവസരം ലഭിക്കും. ഇത് മുന്നില്‍ക്കണ്ടാണ് പ്രതിപക്ഷത്തിന്റെ പുതിയ നീക്കം. 

ടി.ഡി.പി. നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് ഈ ദൗത്യവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. കഴിഞ്ഞദിവസം രാഹുല്‍ഗാന്ധി, അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ പ്രതിപക്ഷകക്ഷി നേതാക്കളുമായി അദ്ദേഹം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഫലപ്രഖ്യാപനത്തിന് മുന്‍പ് രാഷ്ട്രപതിയെ കാണേണ്ട ആവശ്യമില്ലെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ഫലം വന്നതിനുശേഷം മാത്രം രാഷ്ട്രപതിയെ കാണാമെന്നും ഇടതുപാര്‍ട്ടികള്‍ പറയുന്നു. വോട്ടെണ്ണല്‍ ദിവസത്തിനുശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു ഇക്കാര്യത്തില്‍ ശരദ് പവാറിന്റെയും പ്രതികരണം. 

Content Highlights: loksabha election result and exit poll; opposition planning for result day to form govt