മലപ്പുറം: പൊന്നാനി,മലപ്പുറം ലോക്‌സഭ മണ്ഡലങ്ങളിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11.15-ഓടെയാണ് സ്ഥാനാര്‍ഥികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും വരണാധികാരിയായ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് പത്രിക നല്‍കിയത്. കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കളും സ്ഥാനാര്‍ഥികളോടൊപ്പമുണ്ടായിരുന്നു. 

രാവിലെ പാണക്കാട് തറവാട്ടിലെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും പ്രാര്‍ഥന നടത്തിയശേഷമാണ് കളക്ടറേറ്റിലേക്ക് പുറപ്പെട്ടത്. ശേഷം മലപ്പുറം ഡി.സി.സി. ഓഫീസിലും സ്ഥാനാര്‍ഥികള്‍ സന്ദര്‍ശനം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം ഡമ്മി സ്ഥാനാര്‍ഥിയായി യു.എ. ലത്തീഫും പത്രിക നല്‍കി. അഷ്‌റഫ് കോക്കൂരാണ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഡമ്മി സ്ഥാനാര്‍ഥി. 

സിറ്റിങ് എം.പി.യായ പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാംതവണയാണ് മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കുന്നത്. എസ്.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനുവാണ് മലപ്പുറത്തെ ഇടതുസ്ഥാനാര്‍ഥി. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി വി.ഉണ്ണികൃഷ്ണന്‍ മാസ്റ്ററും മത്സരിക്കുന്നു. 

രണ്ടുതവണ പൊന്നാനിയെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയ ഇ.ടി.മുഹമ്മദ് ബഷീര്‍ ഹാട്രിക് വിജയം തേടിയാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. എല്‍.ഡി.എഫ്. സ്വതന്ത്രനായ പി.വി.അന്‍വറാണ് എതിര്‍സ്ഥാനാര്‍ഥി. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി വി.ടി.രമയും എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥിയായി കെ.സി. നസീറും പി.ഡി.പി. സ്ഥാനാര്‍ഥിയായി പൂന്തുറ സിറാജും പൊന്നാനിയില്‍ മത്സരിക്കുന്നു. 

Content Highlights: loksabha election 2019; pk kunhalikutty and et mohammed basheer given nomination