ഹൈദരാബാദ്/ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 91 മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. ഉത്തരാഖണ്ഡ്- 41.27 ജമ്മുകശ്മീര്‍- 24.66 പശ്ചിമബംഗാള്‍- 38.08 ത്രിപുര- 26 തെലങ്കാന- 22.84 ലക്ഷദ്വീപ്- 13.7 അരുണാചല്‍പ്രദേശ്- 27.48 മിസോറം- 29.8 നാഗാലാന്റ്- 41 മേഘാലയ- 27 മണിപ്പൂര്‍- 35.03 അസം 10.2, ആന്‍ഡമാന്‍ ആന്റ് നിക്കോബര്‍ 5.83 എന്നിങ്ങനെയാണ് പോളിങ് ശതമാനം. 

ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ എട്ട് ലോക്‌സഭ മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി.  അതിനിടെ മുസാഫര്‍നഗറില്‍ കള്ളവോട്ട് നടക്കുന്നതായി ആരോപിച്ച് ബി.ജെ.പി. രംഗത്തെത്തി. ബുര്‍ഖ ധരിച്ചെത്തുന്നവര്‍ കള്ളവോട്ട് ചെയ്യുന്നുണ്ടെന്നും ഇവരെ പരിശോധിക്കണമെന്നുമാണ് ബി.ജെ.പിയുടെ ആവശ്യം. 

നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടക്കുന്ന ആന്ധ്രപ്രദേശിലും ആദ്യമണിക്കൂറുകളില്‍ നിരവധിപേര്‍ വോട്ട് രേഖപ്പെടുത്തി. സംഘര്‍ഷസാധ്യതകള്‍ കണക്കിലെടുത്ത് പലയിടത്തും കര്‍ശന സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഗുണ്ടൂരില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ടി.ഡി.പി. പ്രവര്‍ത്തകരും ഏറ്റുമുട്ടി. മീരാപുരത്ത് ടി.ഡി.പി.-വൈ.എസ്.ആര്‍. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

ഗുട്ടിയിലെ പോളിങ് ബൂത്തില്‍ ജനസേന പാര്‍ട്ടി സ്ഥാനാര്‍ഥി വോട്ടിങ് യന്ത്രം നിലത്തെറിഞ്ഞു തകര്‍ത്തു. ജനസേന സ്ഥാനാര്‍ഥിയായ മധുസൂദന്‍ ഗുപ്തയാണ് അക്രമം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. 

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ജഗമോഹന്‍ റെഡ്ഡി, ആസാദുദ്ദീന്‍ ഒവൈസി, ഹരീഷ് റാവത്ത്,  തുടങ്ങിയ രാഷ്ട്രീയനേതാക്കള്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. 

Content Highlights: Loksabha Election 2019; First Phase Polling is Going on