കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാംസീറ്റ് വിഷയത്തില്‍ ലീഗ്-കോണ്‍ഗ്രസ് നിര്‍ണായക ഉഭയകക്ഷി ചര്‍ച്ച വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട്ട് നടക്കും. ലീഗ് മൂന്നാംസീറ്റെന്ന ആവശ്യത്തില്‍ നിന്ന് അല്‍പ്പം പിന്നോട്ട് പോയിട്ടുണ്ടെങ്കിലും പ്രതീക്ഷയോടെ തന്നെയാണ് ഉഭയകക്ഷി ചര്‍ച്ചയെ നേതൃത്വം കാണുന്നത്. മൂന്നാം സീറ്റെന്ന ആവശ്യത്തിന് പകരം കോണ്‍ഗ്രസ് മറ്റ് ചില ബദല്‍ നിര്‍ദേശങ്ങള്‍ നേതൃത്വത്തിന് മുന്നോട്ട് വെക്കുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ ഇത് അംഗീകരിച്ച് മുന്നോട്ട് പോവുക എന്നതായിരിക്കും ഇനി ലീഗ് നേതൃത്വത്തിന് മുന്നിലെ ഏക വഴി. 

കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചര്‍ച്ചയില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ് എന്നിവരാണ് പങ്കെടുക്കുന്നത്. സീറ്റ് ചര്‍ച്ചയുടെ ആദ്യ ഘട്ടം മുതല്‍ മൂന്നാം സീറ്റെന്ന് ആവശ്യത്തില്‍ ലീഗ് നേതൃത്വം ഉറച്ച നിലപാടിലായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പുതിയൊരു സീറ്റ് വിട്ട് നല്‍കാന്‍ കഴിയാത്ത അവസ്ഥ കോണ്‍ഗ്രസ് നേതൃത്വം ലീഗിനെ അറിയിക്കുകയായിരുന്നു. 

സമസ്ത അടക്കമുള്ള സാമുദായിക സംഘടനകള്‍ മൂന്നാം സീറ്റിനായി ലീഗിന് വേണ്ടി സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ചത്തെ ചര്‍ച്ച നിര്‍ണായകമാവും. നിലവില്‍ ഇ.ടി മുഹമ്മദ് ബഷീറും, പി.കെ കുഞ്ഞാലിക്കുട്ടിയുമാണ് ലീഗിന്റെ എം.പിമാര്‍. ഇവര്‍ തന്നെ ഇത്തവണയും ജനവിധി  തേടുമെന്നാണ് അറിയുന്നത്. മൂന്നാം സീറ്റ് തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ലീഗിന് ഏകദേശം ഉറപ്പായിട്ടുണ്ട്. എങ്കിലും അണികള്‍ക്കിടയില്‍ മൂന്നാം സീറ്റിനായി അവസാന ഘട്ടം വരെ നിലവയുറപ്പിച്ചു എന്ന പ്രതീതിയുണ്ടക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.

ലീഗുമായുള്ള ചര്‍ച്ച കഴിഞ്ഞ് കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയ്ക്കും ശേഷമായിരിക്കും അവസാനഘട്ട പ്രഖ്യാപനം. പി.ജെ ജോസഫ് ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ ജോസഫിനെ എങ്ങനെ വരുതിയിലാക്കും എന്നതാണ് കോണ്‍ഗ്രസിന് മുന്നിലെ പ്രധാന വെല്ലുവിളി. സീറ്റ് നല്‍കിയില്ലെങ്കില്‍ മുന്നണി മാറ്റത്തിന് വരെ സാധ്യതയുണ്ടെന്നിരിക്കെ ഏറെ ജാഗ്രതയോടെയാണ് കോണ്‍ഗ്രസ് ഈ നീക്കത്തെ കാണുന്നത്. 
Content Highlights:League Congress Election Discussion At Kozhikode