കോഴിക്കോട്: മോശം പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവനെ തിരുത്താന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്. മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ചയിലായിരുന്നു രമ്യാ ഹരിദാസിന്റെ പ്രതികരണം. 

തനിക്കെതിരേ മോശം പരാമര്‍ശം നടത്തിയ എ. വിജയരാഘവനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മനപ്പൂര്‍വ്വമാണ് ഈ പരാമര്‍ശം നടത്തിയതെന്നാണ് വിശ്വസിക്കുന്നതെന്നും രമ്യാ ഹരിദാസ് പറഞ്ഞു. 

കഴിഞ്ഞദിവസം പൊന്നാനിയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരേ മോശം പരാമര്‍ശം നടത്തിയത്. ഇതിനുപിന്നാലെ മാര്‍ച്ച് 30-നും അദ്ദേഹം രമ്യക്കെതിരേ നടത്തിയ സമാനപരാമര്‍ശത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 

സംഭവത്തില്‍ എ. വിജയരാഘവനെതിരേ രമ്യാ ഹരിദാസ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ആലത്തൂര്‍ ഡി.വൈ.എസ്.പി. ഓഫീസിലെത്തിയാണ് പരാതി നല്‍കിയത്. പ്രസംഗത്തിനിടയില്‍ എ. വിജയരാഘവന്‍ വ്യക്തിപരമായി അധിക്ഷേപിച്ചു, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയകാര്യങ്ങളാണ് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 

Content Highlights: ldf convenor vijayaraghavan speech controversy; ramya haridas response on mathrubhumi news super prime time