തിരുവനന്തപുരം: ആള്‍മാറാട്ടം നടത്തി ആരെങ്കിലും വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അത്തരത്തിലുള്ള കാര്യങ്ങള്‍ ആരു ചെയ്താലും നിയമ വിരുദ്ധമാണ്. അത്തരക്കാര്‍ക്ക് ശിക്ഷ ലഭിക്കണം. അത്തരക്കാരെ സംരക്ഷിക്കാന്‍ സി.പി.എം തയ്യാറാവില്ല. സി.പി.എം ആരോടും കള്ളവോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷന് പിന്തുണ നല്‍കിയ മുഖ്യമന്ത്രിയുടെ നിലപാട് ശരിയാണ്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പരാതി പറഞ്ഞിട്ട് കാര്യമില്ല. ആവശ്യമായ സമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരുന്നു. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതില്‍ പാര്‍ട്ടിക്കോ സര്‍ക്കാറിനോ ഒരു പങ്കുമില്ല. തങ്ങള്‍ക്കും ചില പരാതികള്‍ കിട്ടുന്നുണ്ട്. 

പത്തുലക്ഷം പേര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവണം. വെറുതെ പൊയ്‌വെടി അടിച്ച് കയ്യടി നേടാന്‍ തയ്യാറാകരുത്. സി.പി.എമ്മിനെ കുറ്റപ്പെടുത്താന്‍ എന്തും പറയാം എന്ന നിലയാണ് ഇപ്പോള്‍. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കപ്പെടണം. വോട്ടര്‍ പട്ടിക കുറ്റമറ്റതാവണം.

യഥാസമയം അത്തരം പരാതികള്‍ ഉന്നയിക്കാനുള്ള സന്ദര്‍ഭങ്ങളുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ പരാതി ഉന്നയിക്കാന്‍ ചില സ്ഥലങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്കും സാധിച്ചിട്ടില്ല. സി.പി.എമ്മിനെ കുറ്റപ്പെടുത്താനായി ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നത് ഉമ്മന്‍ചാണ്ടിയെപോലൊരു നേതാവിന് ഭൂഷണമല്ല. തോല്‍ക്കുമെന്ന് ഉറപ്പായപ്പോളുള്ള ആചാരവെടികളാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍. 

പോസ്റ്റല്‍ വോട്ടുകള്‍ എങ്ങനെയാണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് വ്യക്തമായ മാനദണ്ഡമുണ്ട്. അതിന് വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരായി നടപടി സ്വീകരിക്കാം. പോസ്റ്റല്‍ വോട്ടുകള്‍ സമാഹരിക്കാന്‍ തങ്ങള്‍ ആരെയും നിയോഗിച്ചിട്ടില്ല. പോസ്റ്റല്‍ വോട്ടുകള്‍ സമാഹരിക്കുന്ന രീതി നേരത്തെ ഉണ്ടായിരുന്നു. ഇത്തവണ അതില്ല. ഇതുസംബന്ധിച്ച പരാതികള്‍ അന്വേഷിക്കപ്പെടണമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

 

content highlights: Kodiyeri Balakrishnan, Press conference, CPIM, lok sabha election 2019