• ടി.പി വധത്തിന് ശേഷം പാര്‍ട്ടി അഭിമുഖീകിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി
  • കൊലപാതക രാഷ്ട്രീയം രാഷ്ട്രീയ പ്രചാരണമാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും 
കോഴിക്കോട്: സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ എല്‍.ഡി.എഫ് നടത്തുന്ന കേരളസംരക്ഷണ യാത്രയുടെ വടക്കന്‍മേഖലാ ജാഥ വ്യാഴാഴ്ച കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥ ജില്ലാ അതിര്‍ത്തിയായ അടിവാരത്തെ സ്വീകരണത്തിന് ശേഷം വരുന്ന മൂന്ന് ദിവസമാണ് കോഴിക്കോടുണ്ടാവുക. 
 
ഏറെ പ്രതീക്ഷയോടെ കാസര്‍കോട് നിന്നും തുടങ്ങിയ ജാഥയ്ക്ക് അപ്രതീക്ഷമായ ക്ഷീണം പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ട കൊലപാതകം വരുത്തി വെച്ചതോടെ വികസന നേട്ടങ്ങള്‍ക്ക് പകരം കാസര്‍കോട്ടെ സംഭവങ്ങള്‍ക്ക് മറുപടി പറയേണ്ട അവസ്ഥയാണ് ജാഥയ്ക്കിപ്പോള്‍. ഇതില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് വലിയ എതിര്‍പ്പുമുണ്ട്. കാസര്‍കോട് കഴിഞ്ഞാല്‍ കൊലപാതക വിവാദം ഏറെ സ്വാധീനിക്കുന്ന മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജില്ലകളിലൊന്നാണ് കോഴിക്കോട്. അതുകൊണ്ട് തന്നെ വിഷയത്തില്‍ മറപടി പറഞ്ഞ് വ്യക്തമാക്കാതെ ജില്ലയിലൂടെ കടന്ന് പോവുക എന്നത് പ്രായോഗികവുമല്ല.
 
വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങളിലൂടെയാണ് വരും ദിവസങ്ങളില്‍ ജാഥയ്ക്ക് കടന്ന് പോവേണ്ടത്. ഇവിടെയൊക്കെ കൊലപാതക രാഷ്ട്രീയം വലിയ രീതിയില്‍  സ്വാധീനിക്കുന്ന സ്ഥലങ്ങളാണ്‌. കഴിഞ്ഞ കുറച്ച് കാലമായി എല്‍.ഡി.എഫില്‍ നിന്ന് കൈവിട്ട് പോയ മണ്ഡലങ്ങളായ വടകരയും, കോഴിക്കോടും തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു വടക്കന്‍ മേഖലാ ജാഥയില്‍ മുന്നണി കണ്ടിരുന്നത്. ഇതിനിടെയാണ് കാസര്‍കോട്ടെ ഇരട്ട കൊലപാതകം ഉണ്ടാവുന്നത്.
 
വടകരയടക്കമുള്ള മണ്ഡലങ്ങളില്‍ സി.പി.എം കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നുന്നെ പ്രചാരണത്തിന് തന്നെയാണ് കോണ്‍ഗ്രസും, ബിജെപിയും ഊന്നല്‍ നല്‍കുന്നത്. ഇതിന് ശക്തികൂട്ടുന്നതാവും കാസര്‍കോട്ടെ സംഭവം. ഇതോടെ ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധത്തിന് ശേഷം സി.പി.എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അഭിമുഖീകരിക്കേണ്ടി വരുന്ന  ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധി കൂടിയായി മാറി പെരിയ സംഭവം.
 
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കാസര്‍കോട്ടെ വിഷയത്തില്‍ വ്യക്തമാക്കിയ നിലപാട് തന്നെയാണ് മുന്നണി നിലപാട് എന്നാണ് കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. തല്‍ക്കാലം അത് വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ ഇത് ജനങ്ങളെ ബോധിപ്പിക്കാന്‍ കഴിയുന്നില്ല എന്നത് യഥാര്‍ഥ്യമാണ്. 
 
കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറയുമ്പോഴും അറസ്റ്റിലായ പീതാംബരന്റെ ഭാര്യയുടേയും അമ്മയുടേയും വാക്കുകളിലൂടെ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ് സി.പി.എം നേതൃത്വം. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കമ്പിയിട്ടിരുന്ന പീതാംബരന് ഒറ്റയ്ക്ക് കൃത്യം ആസൂത്രണം ചെയ്യാന്‍കഴിയില്ല എന്നത് തന്നെയാണ് ഇതിലെ യാഥാര്‍ഥ്യം. അതുകൊണ്ട് തന്നെ പാര്‍ട്ടിക്ക് പങ്കില്ല എന്ന് പറയുമ്പോഴും ലോക്കല്‍ കമ്മറ്റി അംഗം ഉള്‍പ്പെട്ട കൊലപാതകത്തില്‍ നിന്ന് അത്ര പെട്ടെന്ന് കൈകഴുകി പോരാന്‍ സി.പി.എമ്മിന് സാധിക്കില്ല. 
 
പാര്‍ട്ടിയുടെ സംഘടനാ ചട്ടക്കൂടിനെ പറ്റി നല്ല ബോധമുള്ള പ്രവര്‍ത്തകരെ അത് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ഇങ്ങനെയൊരു ജാഥകൊണ്ട് കഴിയുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ഇതോടെയാണ് പ്രചാരണ ജാഥ വഴിമാറി കൊലപാതക രാഷ്ട്ട്രീയത്തിന്റെ മറുപടി പ്രസംഗമായി മാറിപ്പോവുന്നത്. 
ശനിയാഴ്ച കോഴിക്കോട് മുതലക്കുളത്താണ് വലിയ പൊതുയോഗത്തോടെ വടക്കന്‍ മേഖലയാ ജാഥയുടെ കോഴിക്കോട് പര്യടനത്തിന് അവസാനമാവുന്നത്. കോഴിക്കോട് സൗത്ത്,നോര്‍ത്ത് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബഹുജന റാലിയോടെയായിരിക്കും ജില്ലയിലെ പര്യടനത്തിന് സമാപനം.
Content Highlights:Kerala Samrakshana Yatra In Kozhikode