ന്യൂഡല്‍ഹി: കേരളത്തിലെ മുതിര്‍ന്ന ബി.ജെ.പി. നേതാവും മഹാരാഷ്ട്രയിലെ രാജ്യസഭാംഗവുമായ വി. മുരളീധരന്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രണ്ടാം മോദി സര്‍ക്കാരില്‍ സഹമന്ത്രിയായാണ് വി. മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍നിന്നുള്ള ഏകമന്ത്രിയും മുരളീധരനാണ്. 

മുന്‍ എ.ബി.വി.പി. അഖിലേന്ത്യാ സെക്രട്ടറിയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷനുമായിരുന്ന വി. മുരളീധരന് അപ്രതീക്ഷിതമായാണ് കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ വി. മുരളീധരനെ വിളിച്ച് മന്ത്രിസ്ഥാനത്തെക്കുറിച്ച് അറിയിച്ചത്. തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ ചായസല്‍ക്കാരത്തിലും അദ്ദേഹം പങ്കെടുത്തു. 

തലശ്ശേരി എരഞ്ഞോളിയില്‍ ഗോപാലന്റെയും ദേവകിയുടെയും മകനായി 1958-ലാണ് വി.മുരളീധരന്റെ ജനനം. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ തലശ്ശേരിയില്‍ എ.ബി.വി.പി. പ്രവര്‍ത്തകനായി രാഷ്ട്രീയജീവിതത്തിന് തുടക്കുംകുറിച്ചു. സ്‌കൂള്‍കാലഘട്ടം മുതല്‍ എ.ബി.വി.പി.യുടെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം എ.ബി.വി.പി.യുടെ അഖിലേന്ത്യാ സെക്രട്ടറി പദം അലങ്കരിച്ചു.

എ.ബി.വി.പി. തലശ്ശേരി താലൂക്ക് പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 1987-ല്‍ എ.ബി.വി.പി. സംസ്ഥാന സെക്രട്ടറിയായി. ജില്ലാ വ്യവസായ കേന്ദ്രത്തിലെ ജോലി രാജിവെച്ച് മുഴുവന്‍സമയ പ്രവര്‍ത്തകനായി. വൈകാതെ എ.ബി.വി.പി. ദേശീയ നേതൃത്വത്തിലെത്തി. 1994-ല്‍ എ.ബി.വി.പി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി.

വാജ്‌പേയി സര്‍ക്കാരിന്റെ കീഴില്‍ നെഹ്രു യുവകേന്ദ്രയുടെ വൈസ് ചെയര്‍മാനും പിന്നീട് ഡയറക്ടര്‍ ജനറലുമായി. ദേശീയ യുവ കോ-ഓപ്പറേറ്റീവ് എന്ന അന്ത:സംസ്ഥാന സഹകരണസംഘം തുടങ്ങാന്‍ മുന്‍കൈയെടുത്തു. 2004-ല്‍ ബി.ജെ.പി.യുടെ എന്‍.ജി.ഒ. സെല്ലിന്റെ ദേശീയ കണ്‍വീനറായി. പിന്നീട് പ്രവര്‍ത്തനമേഖല കേരളത്തിലേക്ക് മാറ്റി. ആറുവര്‍ഷം സംസ്ഥാന അധ്യക്ഷനായി തുടര്‍ന്നു. 

2009-ല്‍ കോഴിക്കോടുനിന്ന് ലോക്‌സഭയിലേക്കും 2016-ല്‍ കഴക്കൂട്ടത്ത് നിന്ന് നിയമസഭയിലേക്കും മത്സരിച്ചു. ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി അംഗമായ അദ്ദേഹം 2018-ല്‍ മഹാരാഷ്ട്രയില്‍നിന്ന് രാജ്യസഭയിലെത്തി. 

Content Highlights: Kerala BJP Leader V Muraleedharan take oath as Union Minister