ഭോപ്പാല്‍: നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ചുരുങ്ങിയത് നാല് തവണയെങ്കിലും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂരിക്ഷം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും നിയമസഭ വിളിച്ച് ചേര്‍ത്ത് അവിശ്വാസ പ്രമേയം നേരിടണമെന്നും ആവശ്യപ്പെട്ട് ബിജെപി ഗവര്‍ണറെ സമീപിച്ചതിന് പിന്നാലെയാണ് കമല്‍നാഥിന്റെ മറുപടി. 

സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലേറിയത് മുതല്‍ സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. എല്ലാ ദിവസവും അവരതിന്ന് ശ്രമം നടത്തുന്നു. കഴിഞ്ഞ അഞ്ചു മാസത്തിനിടെ നാല് തവണയോളം ഭൂരിപക്ഷം തെളിയച്ചതാണ്. ഇപ്പോളവര്‍ വീണ്ടും അതിന് ശ്രമം നടത്തുന്നു. ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. വിശ്വാസ വോട്ടെടുപ്പിന് ഞങ്ങള്‍ എപ്പോഴും തയ്യാറാണെന്നും കമല്‍നാഥ് വ്യക്തമാക്കി.

പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവയാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. ജനങ്ങള്‍ക്ക് കമല്‍നാഥ് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നുമായിരുന്നു ഭാര്‍ഗവ കത്തില്‍ ഉന്നയിച്ചിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ബിജെപി നേതൃത്വം ഗവര്‍ണറെ സമീപിച്ചത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് 114 എംഎല്‍എമാരും ബിജെപിക്ക് 109 എംഎല്‍എമാരും ആണ് ഉള്ളത്.

Content Highlights: Kamal Nath says he's ready for Madhya Pradesh assembly floor test