ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദി തരംതാഴാന്‍ ബാക്കിയില്ലാത്തവിധം അധഃപതിച്ച നേതാവായി മാറിയിരിക്കുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാജ്യത്തിനുവേണ്ടി വീരമൃത്യുവരിച്ച നേതാവ് രാജീവ് ഗാന്ധിയെക്കുറിച്ച് തരംതാണ പരാമര്‍ശം നടത്തിയ മോദി പ്രധാനമന്ത്രിയുടെ കസേരയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി പറഞ്ഞതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ ? ബോഫോഴ്‌സ് കേസില്‍ ഡല്‍ഹി ഹൈക്കോടതി 2005 ല്‍ രാജീവ് ഗാന്ധിയെ കുറ്റവിമുക്തനാക്കിയതാണ്. അതിനെതിരെ സി.ബി.ഐ ഫയല്‍ചെയ്ത ഹര്‍ജി സുപ്രീംകോടതിയും തള്ളി. പരമോന്നത നീതിപീഠം കുറ്റവിമുക്തനാക്കിയ കേസിലാണ് ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇതൊക്കെ കാണേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രിക്ക് തുടര്‍ച്ചയായി ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് വേണുഗോപാല്‍ ആരോപിച്ചു.

പ്രധാനമന്ത്രി എന്ത് പ്രസംഗിച്ചാലും ക്ലീന്‍ചിറ്റാണ്. മരിച്ച വ്യക്തിയെപ്പറ്റി പറയുമ്പോള്‍ സാമാന്യ മര്യാദ പാലിക്കണമെന്നാണ് എല്ലാ വിശ്വാസങ്ങളിലും പറയുന്നത്. അതുപോലും പ്രധാനമന്ത്രിയില്‍നിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് എതിരെയാണ് കെ.സി വേണുഗോപാല്‍ രംഗത്തെത്തിയത്. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ആയിരുന്നു വിവാദ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയും രംഗത്തെത്തിയിരുന്നു.

Content Highlights: K C Venugopal, PM Narendra Modi