ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ പുതിയ സര്‍ക്കാരിന്റെ ഭാഗമാവില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ലഭിച്ച വാഗ്ദാനം സ്വീകാര്യമല്ലാത്തിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുന്നു എന്നാണ് നിതീഷ് കുമാര്‍ അറിയിച്ചത്.

ജെഡിയു രണ്ട് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രിസ്ഥാനവും ആവശ്യപ്പെട്ടെങ്കിലും ഒരാള്‍ക്ക് മാത്രം അവസരം നല്‍കിയതിനാല്‍ പുതിയ കാബിനറ്റില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റെയില്‍വേ മന്ത്രാലയം എന്ന ആവശ്യം ആണ് നിതീഷ് കുമാര്‍ മുന്നോട്ടു വെച്ചത്.

"അവര്‍ക്ക് കാബിനറ്റില്‍ ഒരു ജെഡിയു എംപിയെ മാത്രമേ ഉള്‍ക്കൊള്ളിക്കാനാവൂ. അത് വെറും പ്രതീകാത്മക പ്രാതിനിധ്യമാകും. സാരമില്ല. ഞങ്ങള്‍ക്ക് മന്ത്രി സ്ഥാനമൊന്നും വേണ്ട എന്ന് ഞങ്ങൾ അവരെ അറിയിച്ചിട്ടുണ്ട്. ഇത് ഒരു വലിയ കാര്യമല്ല. ഞങ്ങള്‍ പൂര്‍ണ്ണമായും എന്‍ഡിഎയുടെ ഭാഗമാണ്. ഞങ്ങള്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ ആശയക്കുഴപ്പങ്ങളൊന്നുമില്ല", നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബിഹാറില്‍ ജെഡിയുവിന് 16 സീറ്റാണ് നേടാനായത്. അതേസമയം ബിജെപി മത്സരിച്ച 17 സീറ്റുകളും നേടി.

സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാവാന്‍ ക്ഷണം സ്വീകരിച്ച് നിതീഷ് കുമാര്‍ രാഷ്ട്ര ഭവനിലെത്തിയിട്ടുണ്ട്.

content highlights: JDU Will Not Be A Part Of PM Modi's Cabinet, says Nitish Kumar