ന്യൂഡല്‍ഹി: നിയുക്ത ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുമായും കൂടിക്കാഴ്ച നടത്തി. ആന്ധ്ര പ്രദേശിന്റെ പ്രത്യേക പദവിയും സാമ്പത്തിക സഹായവും ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്തിന് പ്രത്യേക പദവി നേടിയെടുക്കും എന്നതായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. രാജ്യത്ത് തൂക്ക് മന്ത്രിസഭ വരുമെന്ന പ്രതീക്ഷയില്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കാന്‍ സഹായിക്കുന്ന പാര്‍ട്ടിക്ക് കേന്ദ്രത്തില്‍ പന്തുണ നല്‍കുമെന്നും ജഗന്‍ പ്രഖ്യാപിച്ചിരുന്നു. ദേശീയ തലത്തില്‍ ജഗന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയെങ്കിലും സംസ്ഥാനത്തെ 25 ലോക്‌സഭ സീറ്റുകളില്‍ 22 ഉം വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേടിയിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷ കാലവും പ്രത്യേക പദവിക്കായുള്ള ആന്ധ്രയുടെ ആവശ്യം ബി.ജെ.പി സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. മലയോര സംസ്ഥാനങ്ങള്‍ക്ക് മാത്രമേ പ്രത്യക പദവി അനുവദിക്കാനാവു എന്നായിരുന്നു ബി.ജെ.പി നിലപാട്. ഇത് ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്‍.ഡി.എ സഖ്യം വിടുന്നതിലേക്ക് നയിച്ചിരുന്നു.

content highlights: Jaganmohan Reddy met Prime Minister Narendra Modi and Amit Shah in Delhi