ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിക്കുന്ന സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമര്‍ശമുയര്‍ത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സ്മൃതി ഇറാനി അമേഠിയിലെത്തി ഷൂ വിതരണം നടത്തി അവിടുത്തെ ജനങ്ങളെ അപമാനിച്ചുവെന്ന് പ്രിയങ്ക ആരോപിച്ചു.

അമേഠിയിലേയും റായ്ബറേലിയിലേയും ജനങ്ങള്‍ യാചകരല്ല. ആര് നിങ്ങളെ അപമാനിച്ചാലും അവര്‍ക്ക് തിരിച്ചടി നല്‍കണമെന്നും പ്രിയങ്ക നിര്‍ദ്ദേശിച്ചു. അമേഠിയില്‍ നടന്ന തിരഞ്ഞെപ്പ് യോഗത്തിനിടെയായിരുന്നു പ്രതികരണം. 

വീടുകളിലെത്തി സ്മൃതി ഇറാനി ഷൂ വിതരണം ചെയ്യുന്നത് കണ്ടാല്‍ തോന്നുക അമേഠിയിലെ ആളുകള്‍ ഷൂ ധരിക്കുന്നവരല്ലെന്നാണ്. രാഹുല്‍ ഗാന്ധിയെ മോശമാക്കാന്‍ വേണ്ടിയാണ് അവര്‍ അങ്ങനെ ചെയ്യുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ അപമാനിതരാകുന്നത് അമേഠിയിലെ ജനങ്ങളാണെന്ന് പ്രിയങ്ക ആരോപിച്ചു.

'നിങ്ങളാണ് ഞങ്ങളെ നേതാക്കളായി തിരഞ്ഞെടുത്തതെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ അവര്‍ പുറത്തു നിന്ന് വന്ന് ഷൂ വിതരണം ചെയ്ത് നിങ്ങളെ അപമാനിക്കുന്നു. അമേഠിയിലേയും റായ്ബറേലിയിലേയും ജനങ്ങള്‍ യാചകരല്ലെന്ന് അവരോട് പറയണം. രാഹുല്‍ ഗാന്ധി ഇവിടെ സന്ദര്‍ശിക്കുന്നില്ലെന്ന നുണ പുറത്തുനിന്ന് വരുന്ന ആളുകള്‍ പറഞ്ഞ് പരത്തുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ്യം എന്താണെന്ന് നിങ്ങള്‍ക്കറിയാം. അമേഠിയിലെ ജനങ്ങള്‍ വിഡ്ഡികളല്ല.'

ബിജെപിക്കാര്‍ക്ക് എല്ലാവരേയും വിഡ്ഡികളാക്കിയുള്ള ശീലമാണുള്ളത്. 50 ലക്ഷം തൊഴിലുകള്‍ ഇല്ലാതാക്കിയിട്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വീണ്ടും പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വരാണസിയിലെ ഒരു ഗ്രാമം പോലും സന്ദര്‍ശിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.  

രാഹുലിനെതിരെ അമേഠിയില്‍ ഇത് രണ്ടാം തവയാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി മത്സരിക്കുന്നത്. 'കാണാതാകുന്ന എംപി' ഈ മണ്ഡലത്തെ അവഗണിക്കുകയാണെന്നു എന്ന വാദത്തില്‍ കേന്ദ്രീകരിച്ചാണ് അമേഠിയില്‍ ഇത്തവണ സ്മൃതിയുടെ പ്രചാരണം.

Content Highlights: In Amethi, Priyanka Gandhi Takes On Smriti Irani In Fight Over Shoes