മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടേതെന്ന പേരില്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ പുറത്ത്. സ്വിസ് നായികയായ ഉര്‍സലാ ആന്‍ഡ്രാസും സ്‌കോട്ടിഷ് നായകന്‍ സീന്‍ കോണറിയോടൊപ്പമുള്ള ചിത്രങ്ങളാണ് സോണിയാഗാന്ധിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്.

ചെരുപ്പ്‌ നക്കികളുടെ നേതാവ്, 'സോണിയാഗാന്ധി' അവര്‍ രാജ്യത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തമാക്കി.എന്നാല്‍ അവരുടെ കുറച്ച് ചിത്രങ്ങള്‍ വിസ്മയം ജനിപ്പിക്കുന്നതാണ്. എന്തൊരു ചിത്രങ്ങളാണ്- എന്ന അടിക്കുറിപ്പോടു കൂടിയാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുടെ ചിത്രങ്ങള്‍ എന്ന പേരില്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്‌.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിലായി നിരവധിപേരാണ് വി സപ്പോര്‍ട്ട് നരേന്ദ്രമോദി 2019 എന്ന ഫെയിസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 

ചിത്രത്തിലെ സ്ത്രീ സോണിയാഗാന്ധിയാണെന്ന തരത്തില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ കഴിഞ്ഞവര്‍ഷം 'ആള്‍ട്ട്' ന്യൂസായിരുന്നു ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. ഗൂഗിളിന്റെ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലൂടേയും ഇതിന്റെ സത്യാവസ്ഥ മനസിലാക്കാവുന്നതാണ്. 

ഇതിന് മുന്‍പ് മറ്റൊരു ഹോളിവുഡ് നായികയുടെ ചിത്രങ്ങളും ഇത്തരത്തില്‍ സോണിയാഗാന്ധിയുടെ ചെറുപ്പകാലത്ത് ബാര്‍ ജീവനക്കാരിയായിരുന്നപ്പോഴുള്ള ചിത്രങ്ങളാണെന്നുമുള്ള രീതിയില്‍ പ്രചരിപ്പിച്ചിരുന്നു. 

Content Highlights: Images of James Bond actress Ursula Andress being passed off as photos of Sonia Gandhi