ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമായി തീരുന്നതോടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് നിനില്‍പ്പില്ലാതാകുമെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ബിജെപി വീണ്ടും അധികാരത്തില്‍ വരുമെന്ന് സൂചന നല്‍കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രതികരണം.

വോട്ടര്‍മാരുടെ വ്യക്തിപരമായ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. അതില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് പങ്കില്ല. ഇപ്പോള്‍ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളും അവസാന തിരഞ്ഞെടുപ്പ് ഫലവും ഒരുപോലെയായാല്‍ വോട്ടിങ് മെഷീനുകളില്‍ കൃത്രിമം കാട്ടിയതായുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതെയാകും- അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

എന്‍ഡിഎ 300ല്‍ അധികം സീറ്റുകള്‍ നേടുമെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വരുമെന്നുമാണ് ഞായറാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മിക്കതും പ്രവചിക്കുന്നത്. എന്നാല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ തിരിമറി കാട്ടുന്നതിന്റെ ഭാഗമായുള്ള ആസൂത്രിതമായ പദ്ധതിയാണ് ഇത്തരം എക്‌സിറ്റ് പോള്‍ ഫലങ്ങളെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി ആരോപിച്ചിരുന്നു.

Content Highlights: exit polls match final results, lok sabha election 2019, non-existent rationale, Arun Jaitley