പനാജി: പട്ടേല്‍ സംവരണ പ്രക്ഷോഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പാട്ടീലിനെതിരായുള്ള ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഇതോടെ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഹാര്‍ദിക് പട്ടേലിന് മത്സരിക്കാനുള്ള സാധ്യതയും മങ്ങുകയാണ്.

കോടതി കുറ്റക്കാരനാണെന്ന് ശിക്ഷിച്ച ഒരു വ്യക്തിക്ക് വിധി സ്റ്റേ ചെയ്യാതെ തിരഞ്ഞെുപ്പിൽ സ്ഥാനാർഥിയാകാൻ സാധിക്കില്ലെന്ന പീപ്പിള്‍സ് റെപ്രസെന്റേഷന്‍ ആക്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹാർദിക് കോടതിയെ സമീപിച്ചത്. 

വാരണാസിയിൽ മോദിക്കെതിരേ ഹാർദിക് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ഈ മാസം ആദ്യമാണ് പട്ടീല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 

അതേ സമയം കോടതി വിധിയുമായി ബന്ധപ്പെട്ട് "ഞങ്ങള്‍ സാധാരണക്കാര്‍, സത്യം, അഹിംസ, സത്യസന്ധത എന്നിവയെക്കുറിച്ചാണ് ചിന്തിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനായി പ്രയത്‌നിക്കും. ഗുജറാത്തിലും രാജ്യത്തുടനീളവും പാര്‍ട്ടിക്ക് വേണ്ടി ഞാന്‍ പ്രചരണപരിപാടികളിലേര്‍പ്പെടും. ഞാൻ ചെയ്ത ഒരേ ഒരു തെറ്റ് ഞാന്‍ ബി.ജെ.പി.ക്ക് മുന്നില്‍ മുട്ടുകുത്തിയില്ല എന്നതാണ് ", ഹാര്‍ദിക് പറഞ്ഞു. 

ഏപ്രില്‍ നാലിനാണ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി എന്നിരിക്കെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കാനുള്ള സാധ്യതയും ഇല്ലാതാവുകയാണ്. മെഹ്സാന കോടതിയാണ് പട്ടേല്‍ സംവരണ പ്രക്ഷോഭവവുമായി ബന്ധപ്പെട്ട് ഹാർദിക് പട്ടേലടക്കം പതിനേഴുപേരെ കുറ്റക്കാരായി വിധിച്ചത്. ഈ വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു ഹാർദികിന്റെ ആവശ്യം. 

Content Highlights: Hardik Patel Can't Contest Polls, Court Rejects Plea To Stay Conviction