ഗാന്ധിനഗര്‍: വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമനെ വിട്ടയച്ചില്ലെങ്കിലുള്ള പ്രത്യാഘാതത്തെ കുറിച്ച് പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരുന്നു മോദിയുടെ പ്രസ്താവന. ഇന്ത്യക്ക് അണുവായുധങ്ങളുണ്ടെന്നും ഇന്ത്യ പാകിസ്താന് കീഴിലല്ലെന്നും മോദി ഓര്‍മിപ്പിച്ചു. 

പാകിസ്താന്റെ ഭീഷണികള്‍ക്ക് മുന്‍പില്‍ കീഴ്പ്പെടുന്ന പ്രവണത ഇന്ത്യ അവസാനിപ്പിച്ചു. ഞാന്‍ ചെയ്തതില്‍ എന്തെങ്കിലും തെറ്റുണ്ടോ?- മോദി ജനക്കൂട്ടത്തോട് ചോദിച്ചു. ഞങ്ങള്‍ക്ക് അണുവായുധങ്ങള്‍ ഉണ്ട് എന്നായിരുന്നു മുന്‍പ് എപ്പോഴും അവര്‍ പറഞ്ഞിരുന്നത്. ഇന്ത്യയുടെ അണുവായുധങ്ങള്‍ പിന്നെ ദീപാവലിക്ക് വേണ്ടി മാറ്റിവെച്ചതാണോ?- മോദി ചോദിച്ചു.

രണ്ടാമത്തെ ദിവസം ഒരു ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത് മോദി 12 മിസൈലുകള്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും ഇത് സ്ഥിതിഗതികള്‍ വഷളാക്കുമെന്നുമായിരുന്നു. വൈകാതെ പൈലറ്റിനെ വിട്ടയക്കുമെന്ന് പാകിസ്താന്‍  പ്രഖ്യാപിച്ചു. മറിച്ചായിരുന്നെങ്കില്‍ അത് സംഹാരങ്ങളുടെ രാത്രിയായേനെ. ഇക്കാര്യം അമേരിക്ക പറഞ്ഞതാണ്. താന്‍ ഇതിനെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും മോദി പറഞ്ഞു.

നേരത്തെ ന്യൂഡല്‍ഹിയിലെ പരിപാടിയിലും മോദി സമാനമായ പ്രസ്താവന നടത്തിയിരുന്നു. 'പാകിസ്താന്‍ പിടിയിലായ ഇന്ത്യയുടെ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍ മോദി ഞങ്ങളോട് ഇത് ചെയ്തു എന്ന് നിങ്ങള്‍ക്ക് പറഞ്ഞുകൊണ്ടേ ഇരിക്കേണ്ടി വന്നേനെ' എന്നായിരുന്നു മോദി ഡല്‍ഹിയില്‍ പറഞ്ഞത്.

content highlights: Had warned Pakistan of consequences if Abhinandan not returned says Modi