നാഗ്പുര്‍: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അന്തിമ തീരുമാനമല്ലെങ്കിലും ബിജെപി തന്നെ ജയിച്ച് ഒരിക്കല്‍ കൂടി അധികാരത്തില്‍ വരുമെന്ന സൂചനകളാണ് ലഭിക്കുന്നതെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങളാണ് ഇതിന് കാരണമെന്നും ഗഡ്കരി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത ചരിത്രം പറയുന്ന 'പി.എം.നരേന്ദ്ര മോദി' ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്‌സിറ്റ്‌പോള്‍ ഒരിക്കലും അന്തിമ വിധിയല്ല. അത് ചില സൂചനകളാണ്. അതേ സമയം പൊതുവായ ഒരു ചിത്രം എകിസ്റ്റ് പോളുകള്‍ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം പുറത്തുവന്ന ഒട്ടുമിക്ക എക്‌സിറ്റ്‌പോളുകളും മോദി അധികാരത്തില്‍ തുടരുമെന്നാണ് പ്രവചിക്കുന്നത്. മുന്നൂറു സീറ്റുകളിലധികം നേടി വ്യക്തമായ ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കുമെന്നാണ് ചില എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നത്.

മോദിയുടെ കീഴില്‍ തന്നെയായിരിക്കും പുതിയ ബിജെപി സര്‍ക്കാര്‍ വരികയെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഗഡ്കരി പറഞ്ഞു. പ്രധാനമന്ത്രി പദത്തിലേക്ക് തന്റെ പേര് പറഞ്ഞ് കോള്‍ക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഗഡ്കരിയുടെ മറുപടി ഇങ്ങനെയായിരുന്നു. അമ്പതോളം തവണ ഞാന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയതാണ്. മോദിജിയുടെ കീഴിലാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അദ്ദേഹം തന്നെ പ്രധാനമന്ത്രിയായി തുടരും.

മഹാരാഷ്ട്രയില്‍ 2014-ല്‍ ബിജെപിക്കും എന്‍ഡിഎക്കും ലഭിച്ച സീറ്റുകള്‍ ഇത്തവണയും കിട്ടുമെന്നും ഗഡ്കരി പറഞ്ഞു.

Content Highlights: General Election 2019: Exit Polls Not Final Decision, But Hint At BJP's Win: Nitin Gadkari