ന്യൂഡല്‍ഹി: ബി ജെ പി തരംഗത്തെ തുടര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയം രുചിക്കേണ്ടിവന്നത് ഒമ്പത് മുന്‍മുഖ്യമന്ത്രിമാര്‍ക്ക്. ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ഹരിയാന മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ, ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത്, മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്, മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെ, കര്‍ണാടക മുന്‍മുഖ്യമന്ത്രി വീരപ്പ മൊയ്‌ലി, അരുണാചല്‍ പ്രദേശ് മുന്‍മുഖ്യമന്ത്രി നബാം ടുകി, മേഘാലയ മുന്‍മുഖ്യമന്ത്രി മുകുള്‍ സാഗ്മ, മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി അശോക് ചവാന്‍ എന്നിവര്‍ക്കാണ് പരാജയം നേരിട്ടത്. 

മൂന്നുവട്ടം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു ഷീലാ ദീക്ഷിത്. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഡല്‍ഹി ബി ജെ പി സംസ്ഥാന അധ്യക്ഷനും നടനുമായ മനോജ് തിവാരിയോടാണ് ഷീല പരാജയപ്പെട്ടത്. ഹരിയാണയിലെ സോനിപ്പത്തില്‍നിന്ന് മത്സരിച്ച ഭൂപീന്ദര്‍ സിങ് ഹൂഡ ബി ജെ പിയുടെ രമേഷ് ചന്ദര്‍ കൗശിക്കിനോടാണ് പരാജയപ്പെട്ടത്. 

ഉത്തരാഖണ്ഡില്‍ നൈനിറ്റാള്‍- ഉധംസിങ് നഗറില്‍നിന്ന് ജനവിധി തേടിയ ഹരീഷ് റാവത്ത് ബി ജെ പിയുടെ അജയ് ഭട്ടിനോടാണ് തോറ്റത്. മധ്യപ്രദേശിലെ ഭോപ്പാലില്‍നിന്ന് മത്സരിച്ച ദിഗ്‌വിജയ് സിങ്ങിനെ ബി ജെ പിയുടെ പ്രജ്ഞാ സിങ് ഠാക്കൂര്‍ പരാജയപ്പെടുത്തി. 

മഹാരാഷ്ട്രയിലെ സോളാപുരില്‍നിന്ന് മത്സരിച്ച സുശീല്‍ കുമാര്‍ ഷിന്‍ഡെ ബി ജെ പിയുടെ സിദ്ധേശ്വര്‍ ശിവാചാര്യയോട് തോറ്റു. കര്‍ണാടകയിലെ ചിക്കബല്ലപുരില്‍നിന്ന് ജനവിധി തേടിയ വീരപ്പമൊയ്‌ലി ബി ജെ പിയുടെ ബി എന്‍ ബച്ചേ ഗൗഡയോട് പരാജയപ്പെട്ടു. മഹാരാഷ്ട്രയിലെ നന്ദേഡില്‍നിന്ന് മത്സരിച്ച അശോക് ചവാനെ ബി ജെ പിയുടെ പ്രതാപ് റാവു ചിഖാലിക്കര്‍ പരാജയപ്പെടുത്തി. അരുണാചല്‍ പ്രദേശ് വെസ്റ്റില്‍നിന്ന് മത്സരിച്ച നബാം തൂക്കി കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ കിരണ്‍ റിജിജുവിനോട് തോറ്റു. മേഘാലയയിലെ തുരായില്‍നിന്ന് മത്സരിച്ച മുകുള്‍ സാഗ്മ എന്‍ഡിഎ സഖ്യകക്ഷിയായ നാഷണല്‍ പീപ്പീള്‍സ് പാര്‍ട്ടിയുടെ അഗതാ കെ സാഗ്മയോടാണ് പരാജയപ്പെട്ടത് 

content highlights: former chief ministers faces backlash in loksabha election