ന്യൂഡല്‍ഹി: മോദി മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടായേക്കും. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് പ്രധാനപ്പെട്ട വകുപ്പുതന്നെ ലഭിക്കുമെന്നാണ് സൂചന. രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, സ്മൃതി ഇറാനി എന്നിവരും പുതിയ മന്ത്രിസഭയിലും സുപ്രധാന വകുപ്പുകള്‍ത്തന്നെ കൈകാര്യം ചെയ്യും.

ധനവകുപ്പ് അമിത് ഷായ്ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സര്‍ക്കാരിലേതു പോലെ രാജ്‌നാഥ് സിങ് ആഭ്യന്തരവകുപ്പും നിര്‍മലാ സീതാരാമന്‍ പ്രതിരോധവകുപ്പും കൈകാര്യം ചെയ്യുമെന്നാണ് കരുതുന്നത്. പുതുതായി മന്ത്രിസഭയിലെത്തിയ മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍ക്ക് വിദേശകാര്യ വകുപ്പ് ലഭിച്ചേക്കും. വാണിജ്യ മന്ത്രാലത്തിന്റെ ചുമതല രവിശങ്കര്‍ പ്രസാദിന് ലഭിച്ചേക്കും.

കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന 10 മന്ത്രിമാര്‍ പുതിയ മന്ത്രിസഭയില്‍ ഉണ്ടാവില്ല. ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്‌ലി, വിദേശ കാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് എന്നിവര്‍ പുതിയ മന്ത്രിസഭയില്‍ ഇല്ല. ഇതോടെ സുപ്രധാനമായ രണ്ടു വകുപ്പുകള്‍ ഒഴിവുവന്നിട്ടുണ്ട്. കൂടാതെ പ്രധാനവകുപ്പുകളായ കായികം, റെയില്‍വേ-വ്യോമയാനം, വനിതാ-ശിശുക്ഷേമം, വാര്‍ത്താവിതരണം, കൃഷി തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന സുരേഷ് പ്രഭു, മേനക ഗാന്ധി, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, രാധാ മോഹന്‍ സിങ് എന്നിവരും പുതിയ മന്ത്രിസഭയിലില്ല.  

കാബിനറ്റ് റാങ്കുള്ള 25 പുതിയ മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്. ഒമ്പത് പേര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 24 പേര്‍ സഹമന്ത്രിമാരുമാണ്. ഇന്ന് ഉച്ചയോടെതന്നെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച പട്ടിക പുറത്തുവിടും. വൈകുന്നേരം അഞ്ചു മണിക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ആദ്യ മന്ത്രിസഭാ യോഗം ചേരുന്നുണ്ട്.

Content Highlights: first cabinet meet today; portfolios soon, Modi government