ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യത്തെ നൂറ് ദിവസങ്ങളില്‍ രാജ്യം വലിയ സാമ്പത്തിക മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന റിപ്പോര്‍ട്ട്. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്ന സാമ്പത്തിക മാറ്റങ്ങളുമുണ്ടാകും. നീതി ആയോഗിന്റെ വൈസ് ചെയര്‍മാനായ രാജീവ് കുമാറിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

തൊഴില്‍ നിയമങ്ങള്‍, സ്വകാര്യവത്കരണ നീക്കങ്ങള്‍, വ്യവസായ വികസനത്തിനായുള്ള ലാന്‍ഡ് ബാങ്കുകളുടെ രൂപീകരണം എന്നീ മേഖലകളിലാണ് വന്‍ വിപ്ലവങ്ങള്‍ ഉണ്ടാവാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. വിദേശ നിക്ഷേപകര്‍ക്ക് ഏറെ സന്തോഷിക്കാനുള്ള കാര്യങ്ങള്‍ ഇതിലുണ്ടാവും. മാറ്റങ്ങളുടെ ഒരു പരമ്പര തന്നെ നിങ്ങള്‍ക്ക് കാണാനാവും'- രാജീവ് കുമാര്‍  വ്യക്തമാക്കി. 

ഇന്ത്യയിലെ സങ്കീര്‍ണമായ തൊഴില്‍ നിയമങ്ങളില്‍ പാര്‍ലമെന്റിലെ ആദ്യ സമ്മേളനത്തില്‍ തന്നെ സമഗ്രമായ മാറ്റം കൊണ്ടുവരും. 44ഓളം തൊഴില്‍ നിയമങ്ങള്‍ നാല് വിഭാഗങ്ങള്‍ക്ക് കീഴിലാക്കും. ഇത് സങ്കീര്‍ണമായ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമ്പനികളെ സഹായിക്കും. 42 ഓളം പൊതുമേഖല സ്ഥാപനങ്ങള്‍ പൂര്‍ണമായി സ്വകാര്യവത്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുമെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ വ്യക്തമാക്കി.

ആസൂത്രണ കമ്മീഷന് പകരം നാല് വര്‍ഷം മുന്‍പ് മോദി സര്‍ക്കാര്‍ സ്ഥാപിച്ച സംവിധാനമാണ് നീതി ആയോഗ്. പ്രധാനമന്ത്രിക്ക് കീഴിലാണ് നീതി ആയോഗ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക നയ രൂപീകരണത്തില്‍ നീതി ആയോഗിന് വലിയ പ്രാധാന്യമുണ്ട്.

content highlights: First 100 days to see several big-bang reforms, says Niti Aaayog VC