കൊച്ചി: തിരഞ്ഞെടുപ്പില്‍ പന്തയങ്ങള്‍ പണ്ടുമുണ്ടായിട്ടുണ്ട്. പന്തയത്തില്‍ തോറ്റ് താടിയും മീശയും പാതി വടിച്ചവരെയും എതിര്‍ പാര്‍ട്ടിയുടെ കൊടി പിടിച്ച് നടന്നവരുടെയും കഥകള്‍ നാം ഏറെ കേട്ടിട്ടുണ്ട്. എന്നാല്‍ വ്യത്യസ്തമായ  ഒരു പന്തയത്തിന്റെ കഥയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ഹിറ്റ്. പന്തയത്തില്‍ തോറ്റ സി.പി.എംകാരന്റെ പന്തയത്തുകയായ ഒന്നേകാല്‍ ലക്ഷം കെ.എസ്.യുകാരന്റെ ചികിത്സയ്ക്ക് കൈമാറിയ നന്മയുടെ കഥ.

ജീവിതത്തില്‍ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത പ്രവാസികളായ നിയാസ് മലബാറിയും, ബഷീര്‍ എടപ്പാളും, അഷ്‌കര്‍ കെ.എയുമാണ് കഥാനായകര്‍. വടകരയില്‍ ജയരാജന്‍ തോല്‍ക്കുമെന്ന് ബഷീര്‍ എടപ്പാള്‍ പറഞ്ഞത് സി.പി.എം അനുഭാവിയായ അഷ്‌കര്‍ കെ.എ അംഗീകരിച്ചില്ല. ഒരു ലക്ഷം രൂപയ്ക്ക് പന്തയം വെച്ചു. കാസര്‍കോട് ഉണ്ണിത്താന്‍ ജയിക്കുമെന്ന് പറഞ്ഞ നിയാസ് മലബാറിയോട് അഷ്‌കര്‍ 25,000 രൂപയ്ക്കും പന്തയം വെച്ചു.

വീശിയടിച്ച യു.ഡി.എഫ് തരംഗത്തില്‍ ജയരാജന്‍ തോല്‍ക്കുകയും ഉണ്ണിത്താന്‍ ജയിക്കുകയും ചെയ്തപ്പോള്‍ അഷ്‌കര്‍ കെ.എ രണ്ട് ബെറ്റിലും തോറ്റു. പണം കൈമാറാന്‍ അഷ്‌കര്‍ തയ്യാറായി. ഈ തുക കെ.എസ്.യു പ്രവര്‍ത്തകന്‍ റാഫി പെരിങ്ങാലയുടെ ചികിത്സയ്ക്കായി നല്‍കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം പറയുന്ന നിയാസ് മലബാറിയുടെ പോസ്റ്റിന് സ്‌നേഹാഭിവാദ്യം അര്‍പ്പിക്കുകയാണ് ഫെയ്‌സ്ബുക്കിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരായ സൈബര്‍ പ്രവര്‍ത്തകര്‍.

റാഫി പെരിങ്ങാലയുടെ ചികിത്സയക്ക് സഹായവുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതും വലിയ വാര്‍ത്തയായിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം

വടകരയില്‍ ജയരാജന്‍ തോല്‍ക്കുമെന്ന് Basheer Edappal

ജയിക്കും,ബെറ്റിനുണ്ടോ എന്ന് Ashkar KA

എന്നാ ആയിക്കോട്ടെ 1 ലക്ഷം രൂപക്ക് ബെറ്റ്

********

കാസര്‍കോഡ്‌ ഉണ്ണിത്താന്‍ ജയിക്കുമെന്ന് ഞാന്‍

ജയിക്കില്ല, ബെറ്റിനുണ്ടോ എന്ന് പിന്നെയും അഷ്‌കര്‍

എന്നാ ആയിക്കോട്ടെ ഒരു 25000 രൂപക്ക് ബെറ്റ്

രണ്ട് ബെറ്റിലും തോറ്റ അഷ്‌കര്‍ വാക്ക് പാലിച്ചിരിക്കുന്നു. ഞങ്ങള്‍ പറഞ്ഞതനുസരിച്ച് 125000 (ഒരു
ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ) വൃക്ക മാറ്റിവെക്കലിന് വിധേയനാകുന്ന KSU പ്രവര്‍ത്തകന്‍ റാഫി പെരിങ്ങാല യുടെ അക്കൗന്റിലേക്ക് അയച്ചിട്ടുണ്ട് (ആദ്യ കമന്റിലുണ്ട്)

ഇനിയും എട്ട് ലക്ഷത്തോളം രൂപ ആവശ്യമുണ്ട്.ഒരു ആയിരം രൂപ ഇടാന്‍ പറ്റുന്നവര്‍ ദയവ് ചെയ്ത് കമന്റ് ബോക്‌സിലേക്ക് വരണം.

content highlights: Facebook, social media, Lok sabha election 2019, P Jayarajan, Rajmohan Unnithan