ന്യൂഡല്‍ഹി: നരേന്ദ്രമോദി മന്ത്രിസഭയിലേക്ക് മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കറും. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹവും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നാടകീയമായാണ് അദ്ദേഹം മന്ത്രിസഭയിലെത്തിയത്.

സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങുന്നതിന് തൊട്ടുമുമ്പുവരെ അദ്ദേഹത്തിന്റെ പേര് എവിടെയും ഉയര്‍ന്നുകേട്ടിരുന്നില്ല. വിദേശകാര്യ സെക്രട്ടറി പദവിയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍കാലം പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ്. പ്രധാനമന്ത്രി മോദിയുടെ വിദേശനയ രൂപവത്കരണത്തില്‍ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിരുന്നു.

2015 ജനുവരിയില്‍ സുജാത സിങ്ങിന്റെ കാലാവധി വെട്ടിച്ചുരുക്കിയാണ് അവരുടെ പിന്‍ഗാമിയായി ജയ്ശങ്കറെ വിദേശകാര്യ സെക്രട്ടറി സ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. ബെയ്ജിങ്ങുമായി നടത്തിയ ചര്‍ച്ചകളിലൂടെ ഡോക്‌ലാം പ്രതിസന്ധി അടക്കമുള്ളവ പരിഹരിക്കുന്നതില്‍ മുന്‍ ചൈനീസ് സ്ഥാനപതികൂടി ആയിരുന്ന അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചിരുന്നു. അമേരിക്കയുമായുള്ള ആണവ കരാറിന് അന്തിമ രൂപമുണ്ടാക്കുന്നതിലും അദ്ദേഹത്തിന്റെ പങ്കുണ്ട്.

1977 ബാച്ചില്‍പ്പെട്ട ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ മാര്‍ച്ചില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്ന് അദ്ദേഹം പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. രഞ്ജന്‍ മത്തായിയുടെ പിന്‍ഗാമിയായി അദ്ദേഹത്തെ വിദേശകാര്യ സെക്രട്ടറിയാക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നീക്കം നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, സുജാത സിങ്ങിനെ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കണമെന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് ഉണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ടോക്യോയിലും മോസ്‌കോയിലും അടക്കം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018 ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചശേഷം ടാറ്റാ ഗ്രൂപ്പിന്റെ ഗ്ലോബല്‍ കോര്‍പ്പറേറ്റ് അഫയേഴ്‌സ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.

Content Highlights: S Jaishankar, Ex Foreign Secretary, PM Modi's cabinet