ന്യൂഡല്‍ഹി:  തന്റെ ശരീരത്തിലെ ഓരോ കോശവും രാജ്യത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് ശേഷം ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിക്ക് വലിയ വിജയം നല്‍കിയതിന് മോദി ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. ഈ വിജയം ജനാധിപത്യത്തിന്റെ വിജയമെന്നാണ് മോദി വിശേഷിപ്പിച്ചത്. 

ഈ സമയത്ത് മൂന്ന് ഉറപ്പുകളാണ് ജനങ്ങളോട് എനിക്ക് നല്‍കാനുള്ളത്. തെറ്റായ ഉദ്ദേശത്തോടുകൂടി ഞാന്‍ ഒന്നും ചെയ്യില്ല. സ്വന്തം നേട്ടത്തിനായി യാതൊന്നും പ്രവര്‍ത്തിക്കുകയുമില്ല.  എന്റെ ശരീരത്തിലെ ഒരോ രോമകൂപവും കോശവും രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനായി അക്ഷീണം പ്രയത്‌നിക്കും.- മോദി പറഞ്ഞു.

എല്ലാ പാര്‍ട്ടികളും ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു. രാജ്യത്തെ ജാതി രാഷ്ട്രീയത്തെയും മോദി വിമര്‍ശിച്ചു. രണ്ടുതരത്തിലുള്ള ജാതികള്‍ മാത്രമാണ് രാജ്യത്ത് ഉള്ളത്. ദരിദ്രരും ദാരിദ്ര്യത്തെ നിര്‍മാര്‍ജനം ചെയ്യുന്നവരുമാണ് അവ. 

ജനങ്ങളുടെ അടുത്ത് അവരുടെ തീരുമാനം അറിയാനായി ഞങ്ങള്‍ പോയി. ഇന്ന് കോടിക്കണക്കിന് ആളുകള്‍ ഈ ഫക്കീറിന്റെ ഭാണ്ഡം നിറച്ചുതന്നിരിക്കുന്നു. ഇത് ജനാധിപത്യത്തിലെ വലിയ സംഭവങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: PM Modi, 2019 Loksabha Election Result, BJP