കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കൂറുമാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സെരംപോറില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്. ബംഗാളിലെ 40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മോദി വെളിപ്പെടുത്തി.
'ദീദി, മെയ് 23 ന് ഫലപ്രഖ്യാപനം വരുമ്പോള്‍ എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എംഎല്‍എമാര്‍ നിങ്ങളെ വിട്ട് ഓടിപ്പോകും. ഇന്നുപോലും, നിങ്ങളുടെ 40എംഎല്‍എമാര്‍ എന്നെ വിളിച്ചിരുന്നു- മോദി പ്രസംഗത്തില്‍ പറഞ്ഞു. ജനങ്ങളെ ചതിച്ചതിനാല്‍ മുഖ്യമന്ത്രിയായി തുടരാന്‍ മമതാ ബാനര്‍ജിക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും മോദി പറഞ്ഞു.
തൃണമൂലിന്റെ ഗുണ്ടകള്‍ വോട്ടുചെയ്യുന്നതില്‍ നിന്ന് ജനങ്ങളെ തടയുകയാണെന്ന് മോദി ആരോപിച്ചു. ബിജെപി നേതാക്കളെ അവര്‍ ആക്രമിക്കുകയാണ്. ബിജെപി നേതാക്കളെ പ്രചാരണം നടത്താന്‍ പോലും തൃണമൂല്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: 40 Lawmakers Are In Touch With Me; PM Modi warns Mamata Banerjee, 2019 Loksabha Election, BJP, Trinamool Congress