ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താന്‍ മുസ്ലിങ്ങളുടെ വോട്ട് ഏകീകരിക്കണമെന്ന് ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. 

പ്രാഥമിക പരിശോധനയില്‍ സിദ്ദു ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് മതപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിനെതിരാണ് സിദ്ദുവിന്റെ പ്രസ്താവനയെന്നും കമ്മീഷന്‍ വ്യക്തമാക്കി.

24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് സിദ്ദുവിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബിഹാറിലെ കതിഹാര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ സിദ്ദുവിന്റെ പേരില്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlights: EC Issues Notice to Congress Leader Navjot Singh Sidhu for Remarks 'Urging Muslims to Not Split Votes'