ന്യൂഡല്‍ഹി:  അവസാന ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം അവശേഷിക്കേ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഒരേ സമയം മാധ്യമങ്ങള്‍ക്കു മുന്നില്‍. അഞ്ചുവര്‍ഷത്തെ ഭരണകാലത്ത് ആദ്യമായാണ് പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുണ്ടായ ചോദ്യങ്ങള്‍ക്ക്  പ്രതികരിക്കാന്‍ നേരന്ദ്രമോദി തയ്യാറായില്ല. 

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ മോദി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് ഉത്തരം പറയാനുള്ള അവസരം നല്‍കി. മോദിജി എന്ന് സംബോധന ചെയ്തുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞതും അമിത് ഷായാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള നന്ദി അറിയിക്കാനാണ് വാര്‍ത്താ സമ്മേളനം വിളിച്ചതെന്നാണ് മോദി പറഞ്ഞത്. 

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അമിത് ഷായുടെ വാര്‍ത്താ സമ്മേളനം എന്നാണ് ബി.ജെ.പി മാധ്യമങ്ങളെ അറിയിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നുവരെ പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനത്തിന് എത്തുന്ന കാര്യം അറിയിച്ചിരുന്നുമില്ല. അതിനിടെ മോദി മാധ്യമങ്ങളെ കാണുന്നുവെന്ന വാര്‍ത്ത വന്ന ഉടനാണ് രാഹുലും വാര്‍ത്താ സമ്മേളനം നടത്തുന്ന കാര്യം അറിയിച്ചത്.

നരേന്ദ്രമോദി ആദ്യമായി മാധ്യമങ്ങളെ കാണുന്നത് നല്ല കാര്യമാണെന്ന് പറഞ്ഞ രാഹുല്‍ അമിത്ഷായുടെ സാന്നിധ്യം അസാധാരണമാണെന്ന് ചൂണ്ടിക്കാട്ടി. റഫാല്‍ അടക്കമുള്ള തന്റ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞില്ലെന്ന് പറഞ്ഞ രാഹുല്‍ ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങളോട് മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി വരാത്തതിനെ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും വിമര്‍ശിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളെ കാണാന്‍ തനിക്ക് ഒരു മടിയുമില്ലെന്ന് പറയാതെ പറയുകയായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തതോടെ മോദി. 

ഫലം വരുമ്പോള്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന് മോദി പറഞ്ഞു, എന്നാല്‍ വിധി ജനങ്ങള്‍ക്ക് വിടുന്നുവെന്നും 23 ന് ഫലം വന്നതിന് ശേഷം മാത്രം ആ വിഷയത്തില്‍ പ്രതികരിക്കാമെന്നുമാണ് രാഹുല്‍ പറഞ്ഞത്.

Content highlights: Dramatic end for loksabha election campaign, Finally Modi meet the media after five years