ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍. രാഹുലുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് സ്റ്റാലിന്‍ ഇക്കാര്യം അഭ്യര്‍ഥിച്ചത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടെങ്കിലും ജനങ്ങളുടെ ഹൃദയം കീഴടക്കുന്നതില്‍ രാഹുല്‍ വിജയിച്ചെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം തമിഴ്‌നാട്ടിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ രാഹുല്‍ സ്റ്റാലിനെ അഭിനന്ദിച്ചു. ആകെയുള്ള 38 ലോക്‌സഭാ സീറ്റുകളില്‍ 37 എണ്ണത്തിലും ഡി എം കെ നേതൃത്വം നല്‍കിയ മതേതര പുരോഗമന സഖ്യമാണ് വിജയിച്ചത്. 

രാഹുല്‍ പാര്‍ട്ടി അധ്യക്ഷപദവിയില്‍നിന്ന് രാജിവെക്കുന്നത് ആത്മഹത്യാപരമാണെന്ന് ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് നേരത്തെ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജി തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി സ്റ്റാലിന്‍ രംഗത്തെത്തിയിരിക്കുന്നത്. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ് രാഹുല്‍ രാജി വെക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ പലരും രാജിതീരുമാനത്തില്‍നിന്ന് പിന്നോട്ട് പോകണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. ഒരുമാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് പാര്‍ട്ടിക്ക് ബുധനാഴ്ച രാഹുല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

content highlights: dont quit m k stalin tells rahul gandhi