കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ ഉള്‍പ്പെട്ട ഒളിക്യാമറാ വിവാദം സംബന്ധിച്ച് അന്വേഷണം തുടങ്ങിയെന്ന് കോഴിക്കോട് ഡി.സി.പി എ.കെ ജമാലുദ്ദീന്‍ ഐ.പി.എസ്. എല്ലാ കാര്യങ്ങളും ഗൗരവമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ അപകീര്‍ത്തിപ്പെടുത്താനും തിരഞ്ഞെടുപ്പില്‍ മോശക്കാരനായി ചിത്രീകരിക്കാനുമായി വ്യാജ വീഡിയോ നിര്‍മിച്ചുവെന്ന് ചൂണ്ടിക്കാട്ടി എം.കെ രാഘവന്‍ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയം ഡി.സി.പി അന്വേഷിക്കുന്നത്.   

ഇതിനിടെ ജില്ലാ കളക്ടര്‍ സാംബശിവ റാവു വിവാദം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് കൈമാറി. വെള്ളിയാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണയ്ക്ക് കളക്ടര്‍ കൈമാറിയത്. തനിക്കെതിരായുള്ള പരാതിയില്‍ ഗൂഡാലോചനയുണ്ടെന്നും എഡിറ്റിങ് നടന്നിട്ടുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എം.കെ രാഘവന്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. 

ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്നും എഡിറ്റ് ചെയ്യാത്ത ഫൂട്ടേജുകളും പരിശോധിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതായതാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ തിരഞ്ഞെടുപ്പ് കഴിയുന്നതിന് മുന്നെ അന്വേഷണം പൂര്‍ത്തിയാക്കുക എളുപ്പമാകില്ല. ഇതിനിടെ രാഘവനെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും തിരഞ്ഞെടുപ്പിന് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം നടന്ന സൂഷ്മ പരിശോധനയില്‍ എം.കെ രാഘവന്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയെത്തിയത്. നിലവില്‍ ഒളിക്യാമറ വിവാദത്തില്‍ എം.കെ. രാഘവന്‍ നല്‍കിയ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് പരാതിയുമായി ഡിവൈഎഫ്ഐ നേതാവായ മുഹമ്മദ് റിയാസ് രംഗത്ത് വന്നിരിക്കുന്നത്.

content highlights: District Collector Submit Report On Sting Operation Against MK Ragavan