ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കാത്തതില്‍ തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് കമ്മീഷന്‍ അംഗം അശോക് ലവാസ. ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ കമ്മീഷന്റെ നടപടിയില്‍ തനിക്കുള്ള വിയോജിപ്പ് കമ്മീഷന്‍ ഉത്തരവില്‍ രേഖപ്പെടുത്തണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. 

തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികള്‍ സമയബന്ധിതമായും സുതാര്യമായും പക്ഷപാതരഹിതമായും തീര്‍പ്പാക്കണമെന്നാണ് തന്റെ താല്‍പര്യമെന്ന് അശോക് ലവാസ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ഒന്നിലധികം അംഗങ്ങളുള്ള എല്ലാ സമിതികളിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായാല്‍ അത് ഉത്തരവില്‍ രേഖപ്പെടുത്തുക എന്നതാണ് രീതിയെന്നും അതാണ് താന്‍ ഉന്നയിക്കുന്ന ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് സുപ്രധാന യോഗം ചേരാനിരിക്കെയാണ് ലവാസയുടെ പ്രതികരണം.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് മോദിക്കും അമിത് ഷായ്ക്കും എതിരായ പരാതിയില്‍ കമ്മീഷന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കമ്മീഷന്റെ യോഗങ്ങളില്‍നിന്ന് അശോക് ലവാസ വിട്ടുനിന്നിരുന്നു. കമ്മീഷന്റെ രേഖകളില്‍ തന്റെ വിയോജിപ്പ് രേഖപ്പെടുത്താതെ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വിഷയവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ അധ്യക്ഷന്‍ സുനില്‍ അറോറ രണ്ടു തവണ ലവാസയ്ക്ക് കത്തയച്ചിരുന്നു. 

മോദിയും അമിത് ഷായും നടത്തിയ വിവിധ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങളാണ് പെരുമാറ്റച്ചട്ട ലംഘന പരാതിക്ക് ഇടയാക്കിയത്. വയനാട്ടില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നും പരാജയഭീതിയിലായ നേതാക്കള്‍ ഹിന്ദുമേഖലകളില്‍നിന്ന് ഒളിച്ചോടുകയാണെന്നും മോദി പ്രസംഗിച്ചിരുന്നു. വയനാട് ഇന്ത്യയിലോ പാകിസ്താനോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നായിരുന്നു വയനാട്ടില്‍ മുസ്ലിം ലീഗിന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടി അമിത് ഷാ പ്രസംഗിച്ചത്. ഈ പരാമര്‍ശങ്ങള്‍ അടക്കമുള്ളവയാണ് ഇരുവര്‍ക്കുമെതിരെ പെരുമാറ്റച്ചട്ട ലംഘന പരാതിക്കിടയാക്കിയത്. എന്നാല്‍ കമ്മീഷന്‍ ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.

Content Highlights: election commission, Ashok Lavasa, lok sabha election 2019