വാരാണസി: നോട്ട് നിരോധനം രാജ്യത്ത് തൊഴിലില്ലായ്മക്ക് കാരണമായെന്ന ആരോപണം നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനം എന്ന വലിയ തീരുമാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ന്യായങ്ങള്‍ അന്വേഷിക്കുകയാണ് ചിലരെന്നും ആജ് തക് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മോദി വ്യക്തമാക്കി.

നോട്ട് നിരോധനം മൂലം തൊഴിലവസരങ്ങള്‍ കുറഞ്ഞു എന്ന് ആക്ഷേപിക്കുന്നവര്‍ മതിയായ കണക്കുകള്‍ ഇല്ലാതെയാണ് അത് പറയുന്നത്. തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനല്ല നോട്ട് നിരോധനം നടപ്പിലാക്കിയത്. 

ഉത്തര്‍പ്രദേശിലെ ഞങ്ങളുടെ എതിരാളികള്‍ നോട്ട് നിരോധനത്തിനെതിരെ സംസാരിച്ചപ്പോള്‍ അവരുടെ മുഖത്ത് അടിച്ചാണ് ജനങ്ങള്‍ പ്രതികരിച്ചത്. ഇപ്പോള്‍ അവര്‍ അതിനെ കുറിച്ച് സംസാരിക്കുന്നുപോലും ഇല്ല. പക്ഷെ അവര്‍ ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുകയാണ്. കാരണം അവര്‍ക്ക് പലതും നഷ്ടപ്പെട്ടു. 

നോട്ട് നിരോധനം രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴിക്കിനെ തടഞ്ഞു. പൗരന്മാര്‍ക്ക് അതേക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റി. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കന്മാരുടെയും സങ്കേതങ്ങളില്‍ നിന്ന് കോടിക്കണക്കിന് കള്ളപ്പണമാണ് പിടിച്ചെടുത്തത്. 50000 കോടിയിലധികം രൂപയുടെ ബിനാമി സ്വത്തുകള്‍ പിടിച്ചെടുക്കപ്പെട്ടു. മൂന്ന് ലക്ഷത്തിലധികം ഷെല്‍ കമ്പനികള്‍ അടച്ചുപൂട്ടി.

കള്ളപ്പണം ഇല്ലാതായതോടെ നാം സത്യസന്ധമായി വ്യാപാരങ്ങള്‍ നടത്താന്‍തുടങ്ങി. നികുതി വരുമാനം കൂടിയെന്നും മോദി കൂട്ടിച്ചേര്‍ത്തു. 2016 നവംബര്‍ 8 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപയുടെ നോട്ടുകള്‍ നിരോധിച്ച് ഉത്തരവിറക്കിയത്. നോട്ട് നിരോധനം രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും സൃഷ്ടിച്ചു എന്നാണ് വിമര്‍ശകരുടെ ആരോപണം.

content highlights: Demonetisation did not cause rise in unemployment says Narendra Modi