തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍  വിശ്വാസികളുടെ വോട്ട് ചോര്‍ന്നെന്ന് സിപിഎം സംസ്ഥാന സമിതി റിപ്പോര്‍ട്ട്. പാര്‍ട്ടിക്കൊപ്പം നിന്നിരുന്ന വിശ്വാസികള്‍ തെറ്റിദ്ധരിക്കപ്പെട്ടു. പരമ്പരാഗതമായി പാര്‍ട്ടിക്ക് വോട്ടു ചെയ്ത വിശ്വാസികളില്‍ ഒരു വിഭാഗത്തിന്റെ വോട്ട് ഇത്തവണ ലഭിച്ചില്ലെന്നും സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
 
റിപ്പോര്‍ട്ടില്‍ ശബരിമലയുടെ പേര് പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്. മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന പേടിയില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ നല്ലൊരു ശതമാനം വോട്ടുകള്‍ നഷ്ടമായി എന്നും റിപ്പോര്‍ട്ടിലുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ളതാണ് റിപ്പോര്‍ട്ട്.  
 
റിപ്പോര്‍ട്ട് സമിതിയില്‍ അവതരിപ്പിച്ചെങ്കിലും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. ചര്‍ച്ചകളിലാകും വിമര്‍ശനങ്ങളും മറ്റും ഉയര്‍ന്ന് വരിക. ശബരിമല വിഷയം തിരഞ്ഞെടുപ്പ് തോല്‍വിയെ ബാധിച്ചിട്ടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമുള്ളത്. 

Content Highlights: CPM State committee report about vote leak from LDF