തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരായ പരാമര്‍ശത്തില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. എ. വിജയരാഘവന് നടത്തിയ പരാമര്‍ശം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെത്തി. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷന് മുന്നറിയിപ്പ് നല്കി.
ഏപ്രില്‍ ഒന്നിന് പൊന്നാനിയില്‍ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയായിരുന്നു എ. വിജയരാഘവന് രമ്യാ ഹരിദാസിനെതിരേ വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശം വിവാദമായതോടെ താന്‍ മോശമായി ഒന്നും വിചാരിച്ചിട്ടില്ലെന്നും അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല സംസാരിച്ചതെന്നും വിജയരാഘവന് പ്രതികരിച്ചിരുന്നു. എന്നാല്‍ പരാമര്‍ശം നടത്തിയ വിജയരാഘവനെതിരേ രമ്യാ ഹരിദാസ് പോലീസില്‍ പരാതി നല്കി. ആലത്തൂര്‍ ഡി.വൈ.എസ്.പിക്കാണ് രമ്യാ ഹരിദാസ് പരാതി നല്‍കിയത്.
വിജയരാഘവന് തനിക്കെതിരേ നടത്തിയ പരാമര്‍ശം യാദൃശ്ചികമല്ലെന്നും ആസൂത്രിതമാണെന്നുമായിരുന്നു രമ്യയുടെ ആരോപണം. ഇടതുമുന്നണി കണ്‍വീനറുടെ പരാമര്‍ശത്തില്‍ സര്‍ക്കാര്‍തലത്തില്‍ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെ സംഭവത്തില്‍ വനിതാ കമ്മീഷന് രാഷ്ട്രീയം കളിക്കുകയാണെന്നും വനിതാ കമ്മീഷനില്‍നിന്ന് നീതി ലഭിച്ചില്ലെന്നും രമ്യാ ഹരിദാസ് ആരോപിച്ചിരുന്നു.
Content Highlights: controversial comment against ramya haridas, election commission given warning to a vijayaragavan