ചെന്നൈ: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ആളൊഴിഞ്ഞ കസേരകളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനം. തമിഴ്‌നാട്ടിലെ വിരുധുനഗറിലെ തിരഞ്ഞെടുപ്പ് യോഗവേദിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകനായ ആര്‍.എം. മുത്തുരാജിനെ മര്‍ദ്ദിച്ചത്. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു തമിഴ് ആഴ്ചപ്പതിപ്പിലെ ഫോട്ടോഗ്രാഫറാണ് മുത്തുരാജ്. 

തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ്. അഴഗിരി ഉള്‍പ്പെടെ പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനമേറ്റത്. പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് മാധ്യമപ്രവര്‍ത്തകര്‍ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത്. നേതാക്കളെത്തിയിട്ടും പരിപാടിയുടെ സദസ് ശുഷ്‌കമായിരുന്നു. നിരവധി കസേരകള്‍ ഒഴിഞ്ഞുകിടന്നു. ഇത് പകര്‍ത്താനായിരുന്നു മുത്തുരാജിന്റെ ശ്രമം. മാധ്യമപ്രവര്‍ത്തകന്‍ ചിത്രമെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരച്ചെത്തുകയും മുത്തുരാജിനെ മര്‍ദ്ദിക്കുകയും ചെയ്തു. മുത്തുരാജിന്റെ ക്യാമറയും അക്രമിസംഘം പിടിച്ചുവാങ്ങി.  സ്ഥലത്തുണ്ടായിരുന്ന മറ്റു മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഇതിനിടെ സമീപത്തുണ്ടായിരുന്ന മറ്റു ഫോട്ടോഗ്രാഫര്‍മാര്‍ക്കും മര്‍ദ്ദനമേറ്റു.

മാധ്യമപ്രവര്‍ത്തകനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ബി.ജെ.പി. നേതാക്കള്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ ഗുണ്ടകളാണ് മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചതെന്നും ബി.ജെ.പി. ആരോപിച്ചു.

 

Content Highlights: congress workers beat up photo journalist in tamil nadu