ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ വന്‍ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഉണ്ടായ ആഭ്യന്തര പ്രതിസന്ധികള്‍ പുതിയ തലങ്ങളിലേക്ക്. കോണ്‍ഗ്രസ് നേതാക്കന്മാരും വക്താക്കളും ചാനലുകളില്‍ ചര്‍ച്ചകള്‍ക്ക് പങ്കെടുക്കുന്നതിന് എ.ഐ.സി.സി മാധ്യമ വിഭാഗം വിലക്കേര്‍പ്പെടുത്തി. ഒരു മാസക്കാലത്തേക്കാണ് വിലക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിസന്ധിയെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പരസ്പര വിരുദ്ധമായ നിലപാട് എടുക്കുന്നതിനാലാണ് ഈ നീക്കമെന്നാണ് വിവരം.

കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവനായ രണ്‍ദീപ് സുര്‍ജേവാലയാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു മാസത്തേക്ക് കോണ്‍ഗ്രസ് വക്താക്കളെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചതായി സുര്‍ജേവാല ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് പ്രതിനിധികളെ ചര്‍ച്ചകളില്‍ ഉള്‍കൊള്ളിക്കരുതെന്ന് മാധ്യമങ്ങളോടും സുര്‍ജേവാല അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസ് പ്രതിസന്ധിയുടെ ആഴം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ഈ അസാധാരണ നടപടി.

നേരത്തെ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിന് നില്‍ക്കരുതെന്ന് നേതാക്കന്മാര്‍ക്ക് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ രാജി നല്‍കിയതും രാജിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ചില വക്താക്കള്‍ വളരെ പരസ്പര വിരുദ്ധമായി പ്രതികരിച്ചതാണ് മാധ്യമ വിലക്കിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. 

രാഹുല്‍ ഗാന്ധിയെ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാനായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും രാഹുല്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായാണ് വിവരം. ലോക്‌സഭ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വിയാണ് രാഹുലിനെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചത്. ശക്തമായ പ്രചാരണം നടത്തിയിട്ടും 2014 ല്‍ നിന്ന് എട്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് അധികം നേടാന്‍ കഴിഞ്ഞത്. 18 ഓളം സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. ഗാന്ധി കുടുംബത്തിന്റെ കോട്ടയായിരുന്ന അമേഠിയില്‍ രാഹുല്‍ ഗാന്ധി ബി.ജെ.പി നേതാവ് സമൃതി ഇറാനിയോട് വലിയ പരാജയമേറ്റുവാങ്ങുകയും ചെയ്തു.

content highlights: Congress to stay away from TV debates for a month