ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്ക്  മിനിമം വേതനം ഉറപ്പ് നല്‍കുമെന്ന വാഗ്ദാനത്തിന് പിന്നാലെ യുവാക്കളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പുതിയ പ്രഖ്യാപനം. 

തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പുതിയ സംരഭകര്‍ക്ക് ആദ്യ മൂന്ന് വര്‍ഷത്തില്‍ ഒരു തരത്തിലുള്ള അനുമതികളുടേയും ആവശ്യമില്ലെന്നും ബാങ്ക് വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുമെന്നുമാണ് രാഹുലിന്റെ പുതിയ പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഈടാക്കുന്ന  'എയ്ഞ്ചല്‍ ടാക്‌സ്' ഇനി ഉണ്ടാകില്ല, എത്ര തൊഴില്‍ സൃഷ്ടിക്കുന്നുവോ അതിനനുസൃതമായി നികുതി ഇളവ് ലഭ്യമാക്കും. തുടങ്ങിയ വാഗ്ദാനങ്ങളും രാഹുല്‍ നല്‍കുന്നുണ്ട്.

പുതിയ സംരംഭം തുടങ്ങാനും രാജ്യത്ത് പുതിയ തൊഴില്‍ സൃഷ്ടിക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് യുവാക്കളോട് ചോദിച്ച് കൊണ്ടാണ് രാഹുലിന്റെ ട്വീറ്റ് തുടങ്ങുന്നത്. നിങ്ങള്‍ക്കുള്ള പദ്ധതികള്‍ ഞങ്ങളുടെ പക്കലുണ്ടെന്ന് പറഞ്ഞാണ് സംരഭകര്‍ക്കുള്ള അദ്ദേഹത്തിന്റെ വാഗ്ദാനങ്ങള്‍ നിരത്തിയത്.

തദ്ദേശ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് കോണ്‍ഗ്രസ് പ്രധാനമായും മുന്‍ഗണന നല്‍കുന്നതെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ പറഞ്ഞിരുന്നു. പുതിയ സംരഭങ്ങള്‍ ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുന്നത് അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ യുവാക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണെന്നാണ് അടുത്തിടെ വന്ന സര്‍വേ റിപ്പോര്‍ട്ടുകളിലെല്ലാം പറഞ്ഞിരുന്നത്. 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയാണ് 2017-18 വര്‍ഷത്തിലെന്ന് എന്‍എസ്എസ്ഒയുടെ ചോര്‍ന്ന റിപ്പോര്‍ട്ടും വ്യക്തമാക്കിയിരുന്നു.

Content Highlights: Congress to give 3-year blanket pass to new ventures; abolish angel tax: Rahul Gandhi