ന്യൂഡല്‍ഹി: തുടര്‍ച്ചയായി മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചിട്ടും നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിയെടുക്കാത്ത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. സൈന്യത്തിന്റെ പേരില്‍ വോട്ട് ചോദിച്ചതിന് ഇരുവര്‍ക്കുമെതിരെ നടപടുയെടുക്കാന്‍ കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് കോണ്‍ഗ്രസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് മഹിളാ വിഭാഗം നേതാവായ സുഷ്മിത ദേവാണ് തിങ്കളാഴ്ച രാവിലെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ നിര്‍ണായകമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും തുടര്‍ച്ചയായി മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചിട്ടും തിരഞ്ഞെടടുപ്പ് കമ്മീഷന് ഇക്കാര്യത്തില്‍ കണ്ണടയ്ക്കുന്നു എന്ന ആരോപണമാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്.
ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ബി.ജെ.പി നേതൃത്വം തുടര്‍ച്ചയായി സൈനികരുടെ പേരിലും പുല്‍വാമ, ബാലാകോട്ട് സംഭവങ്ങളുടെ പേരിലും വോട്ട് പിടിക്കുന്നു എന്നതാണ് കോണ്‍ഗ്രസ് ആരോപണം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ നിരവധി പാരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം.
ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ നല്കിയ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട വിഷയവും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം കണക്കിലെടുത്ത് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നെങ്കിലും നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ് കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത്.
content highlights: Congress, Supreme court of India, Narendra Modi, AMit shah, BJP