ന്യൂഡല്‍ഹി:  ബിജെപിയെ പുറത്താക്കി  കേന്ദ്രത്തില്‍ അധികാരം പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം പാളുന്നു. മെയ് 21 ന് കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ല. മമതാ ബാനര്‍ജി,അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ നേതാക്കളാണ് പങ്കെടുക്കില്ലെന്ന് അറിയിച്ചത്. നേതാക്കളെ ചര്‍ച്ചയ്ക്ക് എത്തിക്കാനുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സമവായ ശ്രമങ്ങളും പാളി.

കോണ്‍ഗ്രസിനോട് അകലം പാലിക്കുക എന്ന നയമാണ് മൂന്ന് പ്രതിപക്ഷ പാര്‍ട്ടികളും സ്വീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി പദം കോണ്‍ഗ്രസിന് ലഭിക്കുന്നതില്‍ ഇവര്‍ക്ക് താത്പര്യമില്ലെന്നാണ് വിവരം. മായാവതിക്കും,  മമതാ ബാനര്‍ജിക്കും പ്രധാനമന്ത്രി പദത്തിലേക്ക് നോട്ടമുണ്ട്. പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്തരമൊരു നയം സ്വീകരിക്കുന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുണ്ടാക്കും. 

കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള നീക്കമായി ഇതിനെ കാണുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള പ്രതിപക്ഷ ഐക്യത്തിന് മായാവതിക്കും മമതാ ബാനര്‍ജിക്കും താത്പര്യമില്ല. ഇത് പല അവസരങ്ങളില്‍ ഇവര്‍ സൂചിപ്പിച്ചിട്ടുമുണ്ട്. അതേസമയം സമവായത്തിന് മറ്റ് വഴികള്‍ കോണ്‍ഗ്രസ് തേടുന്നുണ്ട്. 

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കില്ല എന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി പദം അടക്കം മറ്റ് പാര്‍ട്ടികള്‍ക്ക് വിട്ടുനല്‍കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തിയേക്കുമെന്നും സൂചനകളുണ്ട്. പുറത്തുനിന്ന് പിന്തുണയ്ക്കാതെ കര്‍ണാടക മോഡലില്‍ സര്‍ക്കാരില്‍ പങ്കാളിയാകുന്ന സഖ്യത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുക. 

വോട്ടെടുപ്പ് പൂര്‍ത്തിയില്ലെങ്കിലും നിലവിലെ കണക്കുകൂട്ടലില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ സാധിച്ചേക്കില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. പരമാവധി 120 മുതല്‍ 140 സീറ്റുവരെയെ കോണ്‍ഗ്രസിന് ലഭിക്കൂ എന്നാണ് ആഭ്യന്തര സര്‍വേയില്‍ പറയുന്നത്. ബൂത്ത്തലത്തിലുള്ള കണക്കുകള്‍ അവലോകനം ചെയ്താണ് കണ്ടെത്തല്‍. 140 സീറ്റില്‍ കൂടുതല്‍ നേടിയാല്‍ മാത്രം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയാല്‍ മതിയെന്ന തീരുമാനത്തിലായിരുന്നു കോണ്‍ഗ്രസ്. 

എന്നാല്‍ ആഭ്യന്തര സര്‍വേയില്‍ പിന്നോക്കം പോയ സാഹചര്യത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ സര്‍ക്കാരില്‍ പങ്കാളിയാകും. 1996 ല്‍ മൂന്നാം മുന്നണിയെ പുറത്തുനിന്ന് പിന്തുണച്ചതിന്റെ ദുരനുഭവം മുന്‍നിര്‍ത്തി പുറമേ നിന്ന് പിന്തുണയ്ക്കാതെ സര്‍ക്കാര്‍ പങ്കാളിയാകും. പ്രധാനന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന് സ്വീകര്യനായ ആളെ പിന്തുണയ്ക്കും. മായവതി, മമത. ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവു എന്നിവരാണ് പ്രധാനമന്ത്രി സ്ഥാനം മോഹിക്കുന്നവര്‍.

Content Highlights: Congress loose Confidence party may not claim PM Post say experts . 2019 Loksabha Election